ലോക ഹൃദയ ദിനാചരണവും ഹൃദയസംഗമവും സംഘടിപ്പിച്ചു

 ലോക ഹൃദയ ദിനാചരണവും ഹൃദയസംഗമവും സംഘടിപ്പിച്ചു

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഹൃദയസംഗമം ലിസി ആശുപത്രിയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആതുര ശുശ്രൂഷാ രംഗത്ത് ഡോക്ടര്‍മാര്‍ക്ക് സമാനമായി നേഴ്‌സുമാരുടെയും ബന്ധപ്പെട്ട മറ്റ് ജീവനക്കാരുടെയും പങ്ക് പ്രധാനമാണെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങള്‍ പ്രതിബദ്ധതയോടെ നിര്‍വഹിക്കുമ്പോഴാണ് ചികിത്സയില്‍ വിജയം കൈവരിക്കാനാകുന്നത്.

അതുകൊണ്ട് ഡോക്ടര്‍മാരോടെന്ന പോലെ തന്നെ മറ്റ് ജീവനക്കാരോടും ആദരവോടെ പെരുമാറാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാര്‍ട്ടത്തോണില്‍ പങ്കെടുത്ത മുസിരീസ് സൈക്ലിങ് ക്ലബ്ബിനുള്ള മെമന്റോ ഭീമ ജ്വല്ലറി ചെയര്‍മാന്‍ ബിന്ദു മാധവ് സമ്മാനിച്ചു.

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ മെഡിക്കല്‍ പാനല്‍ ചെയര്‍മാന്‍ ഡോ. റോണി മാത്യു, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. 9 വര്‍ഷം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്രുതി ചടങ്ങില്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.

പരിപാടിയുടെ ഭാഗമായി ഹൃദയാഘാതമുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സയില്‍ (സിപിആര്‍) പരിശീലനം, ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ക്ലാസ് എന്നിവയും സംഘടിപ്പിച്ചിരുന്നു.