സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിക്കാന്‍ യൂണിമണി ഇന്ത്യ

 സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിക്കാന്‍ യൂണിമണി ഇന്ത്യ

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ യൂണിമണി ഇന്ത്യ പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി ബിസിനസ് സഹകരണത്തിന് ധാരണയിലെത്തി. യൂണിമണിയുടെ ഇന്ത്യയിലെ 300-ലേറെ ശാഖകളിലൂടെ വിദേശപഠന സംബന്ധമായ സേവനങ്ങളും അനുബന്ധ ധനകാര്യ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യൂണിമണി ഇന്ത്യ സിഇഒയും ഡയറക്ടറുമായ കൃഷ്ണന്‍ ആര്‍ സാന്റമോണിക്ക മാനേജിംഗ് ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേലിന് ധാരണാപത്രം കൈമാറി. യൂണിമണി ഇന്ത്യ സിഎഫ്ഒ മനോജ് മാത്യു, ഫോറെക്‌സ് ബിസിനസ് ഹെഡ് പ്രകാശ് ഭാസ്‌കര്‍, ഏജന്‍സി ബിസിനസ് ഹെഡ് ഷാജുമോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇത് വരും വര്‍ഷങ്ങളില്‍ പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യതയെന്നും യൂണിമണി ഇന്ത്യ സിഇഒയും ഡയറക്ടറുമായ കൃഷ്ണന്‍ ആര്‍ അഭിപ്രായപ്പെട്ടു.

മണി ട്രാന്‍സ്ഫര്‍, വിദേശ ധനവിനിമയം തുടങ്ങിയ സേവനങ്ങളില്‍ 25 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയാണ് യൂണിമണി ഇന്ത്യ. കമ്പനിയുടെ വിദേശ പണമിടപാടുകളില്‍ ഭൂരിഭാഗവും വിദേശ സര്‍വകലാശാലകളിലെ പേയ്‌മെന്റ്‌റുകളാണ്.

ഉപഭോക്താക്കളില്‍ നിന്നും വിദേശ വിദ്യാഭ്യാസം സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുമുണ്ട്. സാന്റമോണിക്കയുമായുള്ള സഹകരണം വിദേശ വിദ്യാഭ്യാസ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സഹായിക്കുമെന്നും കൃഷ്ണന്‍ പറഞ്ഞു.

യൂണിമണിയുടെ വിപുലമായ ശൃംഖലയും സാന്റമോണിക്കയുടെ വൈദഗ്ധ്യവും, വിദേശ വിദ്യാഭ്യാസം കാംക്ഷിക്കുന്നവര്‍ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച അനുഭവം പ്രദാനം ചെയ്യുന്നതാകും.