പാതയോര വിശ്രമകേന്ദ്രങ്ങള്‍: കിഫ്ബിയുമായി ഓക്കി ധാരണാപത്രം ഒപ്പുവെച്ചു

 പാതയോര വിശ്രമകേന്ദ്രങ്ങള്‍: കിഫ്ബിയുമായി ഓക്കി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: പാതയോര വിശ്രമകേന്ദ്രങ്ങള്‍ (റെസ്റ്റ് സ്‌റ്റോപ്പ്) നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി (ഓക്കി) കിഫ്ബിയുമായി ധാരണാപത്രം ഒപ്പുവെച്ചു.

സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപം 30 കേന്ദ്രങ്ങളിലാണ് 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റെസ്റ്റ് സ്റ്റോപ്പുകള്‍ നിര്‍മിക്കുക. നിശ്ചിത ചെലവിലും സമയത്തിലും ആഗോള നിലവാരം പുലര്‍ത്തികൊണ്ട് കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തിനാണ് കിഫ്ബിയുടെ സഹായം സ്വീകരിക്കുക.

കിഫ്ബി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിഇഒ ഡോ. കെ.എം. എബ്രഹാമിന്റെ സാന്നിധ്യത്തില്‍ ഓക്കി എംഡി ഡോ. ബാജു ജോര്‍ജ്, കിഫ്ബി ചീഫ് ഓഫ് പ്രോജക്ട്‌സ് എസ്.ജെ. വിജയദാസ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ചേര്‍ത്തലയിലും തലപ്പാടിയിലുമാണ് ആദ്യ റെസ്റ്റ് സ്റ്റോപ്പുകള്‍ നിര്‍മിക്കുക. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓക്കി ഡയറക്ടര്‍ ബോര്‍ഡ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. നിര്‍മാണം ത്വരിതപ്പെടുത്താന്‍ കമ്പനിയുടെ മൂലധനം 45 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.