സംസ്ഥാനത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത് ലഹരി ഉപയോഗിക്കുന്നവരിലാണെന്ന് മാനസികാരോഗ്യ വിദഗ്ദർ

 സംസ്ഥാനത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത് ലഹരി ഉപയോഗിക്കുന്നവരിലാണെന്ന് മാനസികാരോഗ്യ വിദഗ്ദർ

ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത് ലഹരി ഉപയോഗിക്കുന്നവരിലാണെന്ന് മാനസികാരോഗ്യ വിദഗ്ദർ. 11.29 % മാനസിക രോഗങ്ങളും

ലഹരി ഉപയോഗം മൂലമാണെന്നും മദ്യത്തേക്കാൾ പുകയില ഉപയോഗിക്കുന്നവരിലാണ് കൂടുതൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നതെന്നും  തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ കൺസൺട്ടൻ്റ് ഡോ. ശ്രീലക്ഷ്മി പറഞ്ഞു.

തുല്യതയില്ലാത്ത ലോകത്തിലെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനും ഇരിങ്ങാലക്കുട തവനിഷ് ക്രൈസ്റ്റ് കോളെജും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവര്‍.

നിപ്മർ എക്സി.ഡയരക്ടർ സി. ചന്ദ്രബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.തവനിഷ് ക്രൈസ്റ്റ് കോളെജ് അസി. പ്രൊഫ: ഡോ. റോബിൻസൺ.പി. പൊൻമിനിശേരി അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ നിപ്മർ ബിഒടി പ്രിൻസിപ്പൽ ദീപ സുന്ദരേശ്വരൻ, കെഇഎം ഹോസ്പിറ്റൽ ഒക്യൂപേഷണൽ തെറാപ്പി അസോ. പ്രൊഫ- ഡോ സുശാന്ത് സാരംഗ്, തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ കണ്‍സള്‍ട്ടന്റ്‌ ഡോ. ശ്രീലക്ഷ്മി, നിപ്മർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബ്രൈറ്റ്.സി. ജേക്കബ്, സോഷ്യൽ വർക്കർ സി. ജസ്നി എന്നിവർ സംസാരിച്ചു. അസി. പ്രൊഫ. അന്ന ഡാനിയൽ മോഡറേറ്ററായി.

തുടർന്ന് നിപ്മറിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിച്ച പോസ്റ്റർ മേക്കിങ്ങ്, സ്ലോഗൻ മത്സരം എന്നിവയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൈക്കോളജി വിദ്യാർത്ഥി സായൂജ് സ്വാഗതവും എയ്ഞ്ചൽ നന്ദിയും പറഞ്ഞു.