ദക്ഷിണേന്ത്യയില്‍ ആദ്യമായി എക്‌മോ റിട്രീവല്‍ ആംബുലന്‍സ് സംവിധാനം ആസ്റ്റര്‍ മിംസില്‍

 ദക്ഷിണേന്ത്യയില്‍ ആദ്യമായി എക്‌മോ റിട്രീവല്‍ ആംബുലന്‍സ് സംവിധാനം ആസ്റ്റര്‍ മിംസില്‍

കോഴിക്കോട് : ദക്ഷിണേന്ത്യയില്‍ ആദ്യമായി എക്‌മോ റിട്രീവല്‍ ആംബുലന്‍സ് സംവിധാനവുമായി ആസ്റ്റര്‍ മിംസ് . പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ആതുര സേവനമേഖലയില്‍ തന്നെ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലാണ് ആസ്റ്റര്‍ മിംസ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ഗുരുതരമായ രീതിയില്‍ തകരാറിലായവരിലെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകരമായ ഏറ്റവും നൂതനമായ ചികിത്സയാണ് എക്‌മോ. നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിജയനിരക്കുള്ള എക്‌മോ സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആണ്. മരണത്തോട് തൊട്ടടുത്തെത്തി നില്‍ക്കുന്ന രോഗികള്‍ക്കാണ് എക്‌മോ പരിചരണം ആവശ്യമായി വരുന്നത്. അതുകൊണ്ട് തന്നെ ഇതര ഹോസ്പിറ്റലുകളില്‍ നിന്ന് ആസ്റ്റര്‍ മിംസിലെ എക്‌മോ സെന്ററിലേക്ക് രോഗികളെ മാറ്റുക എന്നത് വലിയ വെല്ലുവിളിയാണ്.

ഈ അവസ്ഥയ്ക്ക് പരിഹാരമേകുവാനാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി എക്‌മോ റിട്രീവല്‍ ആംബുലന്‍സ് എന്ന ആശയത്തിന് ആസ്റ്റര്‍ മിംസില്‍ തുടക്കമാകുന്നത്. ഈ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന എക്‌മോ സംവിധാനവും പ്രഗത്ഭരായ എക്‌മോ വിദഗ്ദ്ധരും രോഗി കിടക്കുന്ന ആശുപത്രിയിലെത്തുകയും അവിടെ വെച്ച് തന്നെ രോഗിയെ എക്‌മോയിലേക്ക് മാറ്റിയ ശേഷം ആസ്റ്റര്‍ മിംസിലെ എക്‌മോസെന്ററിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

ചടങ്ങില്‍ ഡോ. മഹേഷ് ബി. എസ് (ഡയറക്ടര്‍, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ & എക്‌മോ സര്‍വ്വീസസ്), ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്, ആസ്റ്റര്‍ മിംസ്) , ഡോ. രാജേഷ് കുമാർ ജെ. എസ്, ഡോ. മീനാക്ഷി വിജയകുമാർ, ഡോ. സജി വി.ടി, ഡോ. ജിതിൻ ജോസ് എന്നിവര്‍ സംബന്ധിച്ചു.