ട്രാക്ടർ ഓടിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്: യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ല: രമേഷ് പിഷാരടി

 ട്രാക്ടർ ഓടിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്: യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ല: രമേഷ് പിഷാരടി

കുമരകം: അടയാള പ്രചാരണ യാത്രയിൽ സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൗതുകമായി. കുമരകം കൈപ്പുഴ മുട്ടിൽ നിന്നും ആരംഭിച്ച അടയാള പ്രചാരണ യാത്രയിലാണ് സ്ഥാനാർത്ഥി സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടർ ഓടിച്ചത്.

താര പ്രചാരകനായ രമേഷ് പിഷാരടി യാത്ര ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്ഥാനാർത്ഥി ട്രാക്ടറിൽ കയറുകയായിരുന്നു.

കുമരകത്ത് നിന്ന് അയ്മനം , ആർപ്പൂക്കര വഴി സഞ്ചരിച്ച ട്രാക്ടർ റാലി അതിരമ്പുഴയിൽ സമാപിച്ചു. മുന്നിൽ അനൗൺസ്മെൻ്റ് വാഹനവും , പിന്നിൽ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയുമായിരുന്നു അണിനിരന്നത്. വിവിധ സ്വീകരണ പോയിൻ്റുകളിൽ നൂറ് കണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെയും റാലിയെയും സ്വീകരിക്കാൻ കാത്ത് നിന്നത്.

യു.ഡി.എഫ് പ്രവർത്തകർ ഒന്നിച്ചിറങ്ങിയാൽ ഇളക്കാനാവാത്ത കോട്ടകൾ ഒന്നുമില്ലെന്ന് സിനിമാ താരം രമേഷ് പിഷാരടി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായുള്ള അടയാള പ്രചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

35 വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന ബാലുശേരി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി വിജയം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒന്നോ രണ്ടോ തവണ കൈവിട്ടെന്നു കരുതി കുമരകവും ഏറ്റുമാനൂരും ഒന്നും യു.ഡി.എഫിൽ നിന്ന് നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർപ്പൂക്കരെ ഇളക്കിമറിച്ച് തിരുവാർപ്പിൽ തിരയടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. മണ്ഡലത്തിൽ ഉടനീളം വിജയത്തിൻ്റെ കാറ്റ് വീശിയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം പുരോഗമിക്കുന്നത്.

ഇന്നലെ ആർപ്പൂക്കരയിലും തിരുവാർപ്പിലുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിൻ്റെ പ്രചാരണം. ഇവിടങ്ങളിൽ പരമാവധി വീടുകളിൽ നേരിട്ടെത്താനും സ്ഥാപനങ്ങളിൽ സന്ദർശനം നടത്താനുമായിരുന്നു സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്.

വീടുകളിൽ എത്തിയ സ്ഥാനാർത്ഥിയെ കൊന്നപ്പൂക്കളും , ഷോളും അണിയിച്ചാണ് സ്വീകരിച്ചത്. മണ്ഡലങ്ങളിലെ കുടുംബ യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം കുമരകത്ത് നടന്ന തിരഞ്ഞെടുപ്പ് അടയാള പ്രചാരണ ജാഥയിലും സ്ഥാനാർത്ഥി പങ്കെടുത്തു. ട്രാക്ടറിൽ കയറിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.