കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച കോൺഗ്രസ് വോട്ടുകൾ ചോർത്തി

 കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച കോൺഗ്രസ് വോട്ടുകൾ ചോർത്തി

കോന്നി: ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ ഇടത് പാളയം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് കോന്നിയിൽ രണ്ടാം അങ്കത്തിന് സുരേന്ദ്രൻ എത്തിയത്.

അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ആശങ്കയിലാണ് കോൺഗ്രസും യുഡിഎഫും. ഉപതിരഞ്ഞെടുപ്പിലേത് പോലെ സുരേന്ദ്രൻ വോട്ട് സമാഹരിച്ചാൽ റോബിൻ പീറ്റർക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേ സമയം, കോന്നി മണ്ഡലത്തിൽ എക്കാലവും ഇടത് പക്ഷത്തിന് ലഭിച്ചുകൊണ്ടിരുന്ന അമ്പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് വിള്ളൽ ഉണ്ടായിട്ടില്ല എന്നത് ഇടത് മുന്നണിക്ക് ആശ്വാസമാകുന്നുണ്ട്. കോന്നിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കോൺഗ്രസ് വോട്ടിൽ വിള്ളൽ വീഴ്ത്തിയാണ് മണ്ഡലത്തിൽ ബിജെപി രണ്ടാം ശക്തിയായതെന്ന് വ്യക്തമാകും.

അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ഏറെ പ്രതീക്ഷയിലാണ് ഇടതുപാളയം. 2011 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് സ്ഥാനാർത്ഥിയായിരിക്കെ 65724 വോട്ട് യുഡിഎഫ് നേടിയപ്പോൾ ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥി എം.എസ് രാജേന്ദ്രൻ 57950 വോട്ടുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ 2011 ൽ അന്നത്തെ എൻഡിഎ സ്ഥാനാർത്ഥി നേടിയതാകട്ടെ വെറും 5994 വോട്ട് .

പിന്നീട് 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള അടൂർ പ്രകാശ് വോട്ട് ശതമാനം ഉയർത്തിയപ്പോൾ 52052 വോട്ടുകൾ ഇടതുപക്ഷത്തിന് ഉറപ്പിക്കാൻ കഴിഞ്ഞു. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സനൽകുമാർ മണ്ഡലത്തിന് പുറത്തു നിന്നുള്ള വ്യക്തിയായിട്ടു പോലും മണ്ഡലത്തിൽ ഇടതിൻ്റെ ഉറച്ച വോട്ടുകൾ സമാഹരിക്കാൻ സനൽ കുമാറിന് കഴിഞ്ഞിരുന്നു.

അമ്പതിനായിരത്തിൽപ്പരം വരുന്ന ഈ ഉറച്ച വോട്ടുകളിലാണ് എൽഡിഎഫിൻ്റ പ്രതീക്ഷ. തുടർന്ന് 20l9 ൽ ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലും മുന്നണിയുടെ ഉറച്ച വോട്ടിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്കും യുഡിഎഫിനും കഴിഞ്ഞിരുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ 5409 9 വോട്ട് നേടിയാണ് കോന്നിയിൽ ജനീഷ് കുമാർ ചെങ്കൊടി പാറിച്ചത്.

കോന്നിയുടെ ചരിത്രം തിരുത്തിക്കുറിച്ച ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മുൻവർഷത്തെ അപേക്ഷിച്ച് 2047 വോട്ട് കൂടുതൽ ലഭിച്ചപ്പോൾ കോൺഗ്രസിനകട്ടെ വോട്ട് ഗണ്യമായി കുറയുകയായിരുന്നു.28654 വോട്ടിൻ്റെ കുറവ് യുഡിഎഫിനുണ്ടായപ്പോൾ നേട്ടം കൊയ്തത് ബിജെപിയായിരുന്നു.

മുൻകാലത്തെ അപേക്ഷിച്ച് സുരേന്ദ്രൻ കോന്നിയിൽ 23073 വോട്ട് കൂടുതൽ നേടി. അക്ഷരാർത്ഥത്തിൽ കോൺഗ്രസിൻ്റെ വോട്ടിൽ വിള്ളൽ വീഴ്ത്തിയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തത്.

അന്നത്തെ സ്ഥാനാർത്ഥി മോഹൻരാജിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശ് പക്ഷക്കാർ വോട്ട് മറിച്ചതാണെന്ന ആരോപണം മുൻ ഡിസിസി പ്രസിഡൻ്റുകൂടിയ മോഹൻ രാജ് തുറന്നടിച്ചതാണ്.

അടൂർ പ്രകാശ് സ്ഥാനാർത്ഥിയായി നിന്നപ്പോൾ ഇളകാത്ത ഇടതു പക്ഷത്തിൻ്റെ അമ്പതിനായിരത്തിൽപ്പരം വോട്ടുകളാണ് കോന്നി മണ്ഡലത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ. ഒന്നര വർഷക്കാലത്തെ എംഎൽഎ എന്ന നിലയിൽ ജനീഷ് കുമാർ നടത്തിയ പ്രവർത്തനത്തിലൂടെ വ്യക്തിപരമായി ലഭിക്കുന്ന വോട്ട് കൂടി സമാഹരിച്ചാൽ ഇടതുപക്ഷത്തിന് നേട്ടം കൊയ്യാം.

ഇത്തവണ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈഴവ – നായർ സമുദായത്തിൻ്റെ നിലപാടാണ്. ഉപതിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിർദേശിച്ച മോഹൻരാജിനെ പരാജയപ്പെടുത്തിയതോടെ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന സമുദായം ആരെ പിന്തുണയ്ക്കുമെന്നതും ശ്രദ്ധേയമാണ്.

ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ മണ്ഡലത്തിലെ സമുദായ സമവാക്യം പാലിച്ചുകൊണ്ട് സ്ഥാനാർത്ഥിയെ നിർണയിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടൂർ പ്രകാശിൻ്റ താത്പര്യം സംരക്ഷിക്കുകയായിരുന്നു നേതൃത്വം. ഇതോടെ മണ്ഡലത്തിൽ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സമുദായങ്ങളും ഇപ്പോൾ യു ഡി എഫിനോട് അകലം പാലിച്ചിരിക്കുകയാണ്.

സമുദായ സംഘടനകളുടെ ഈ അകലം പാലിക്കൽ കോൺഗ്രസിൻ്റെ വോട്ടുകൾ ഇത്തവണയും നഷ്ടപ്പെടാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അടൂർ പ്രകാശിനെ പ്രീതിപ്പെടുത്താൻ വേണ്ടി റോബിൻ പീറ്ററിനെ മുൻനിർത്തിയുള്ള യുഡിഎഫ് നീക്കം യാക്കോബായ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായേക്കുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

ഓരോ തവണയും ഇടതുപക്ഷവും ബിജെപിയും വോട്ട് ശതമാനം വർദ്ധിപ്പിക്കുമ്പോൾ വോട്ട് നിലയിൽ കോൺഗ്രസ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കോൺഗ്രസിന് കിട്ടിയിരുന്ന വോട്ടിൽ വിള്ളൽ വീഴ്ത്തിയുള്ള ബിജെപിയുടെ വളർച്ച മണ്ഡലത്തിലെ പോരാട്ട ചിത്രം തന്നെ മാറ്റിയിരിക്കുകയാണ്.

നേരത്തേ ഒന്നാമത് നിന്നിരുന്ന കോൺഗ്രസ് ഗ്രൂപ്പ് പോരിൻ്റെ പേരിൽ മൂന്നാമതെത്തിയപ്പോൾ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായി. ഉപതിരഞ്ഞെടുപ്പോടെ കോന്നിയുടെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ച സിറ്റിംഗ് എംഎൽഎ കൂടിയായ ജനീഷ് കുമാറും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ കോന്നിയിൽ നടക്കുന്നത്.