ഫുട്ബോൾ കളിക്കളത്തിൽ ആവേശം നിറച്ച് ജനീഷ് കുമാർ; സ്ഥാനാർത്ഥിക്ക് വൻ സ്വീകരണമൊരുക്കി മൈലപ്ര

കോന്നി: മൈലപ്രയുടെ മണ്ണിൽ വോട്ട് തേടിയെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ ഫുട്ബോൾ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഏറെ ആവേശത്തോടെയാണ് കളിക്കാർ വരവേറ്റത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ കളിക്ക് അൽപം ഇടവേള നൽകി കളിക്കാരും സ്ഥാനാർത്ഥിക്കൊപ്പം കൂടി .
സ്നേഹത്തോടെ വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിയോട് തങ്ങൾക്കൊപ്പം അൽപ്പനേരം പന്തുതട്ടാൻ ആവശ്യപ്പെട്ടു. യുവാക്കളുടെ ആവശ്യം കേട്ട സ്ഥാനാർത്ഥി അൽപ്പനേരം കളിയിൽ മുഴുകിയപ്പോൾ കളിക്കാരും പ്രവർത്തകരും ആവേശത്തിലായി. എല്ലാവരോടും വോട്ട് ചോദിച്ച സ്ഥാനാർത്ഥിക്ക് എല്ലാ പിന്തുണയും നൽകിയാണ് യുവാക്കൾ യാത്രയാക്കിയത്.
തുടർന്ന് നിരവധി പ്രവർത്തകർക്ക് ഒപ്പം മൈലപ്രയിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. എല്ലായിടത്തും മികച്ച പ്രതികരണമാണ് ഇടതു സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിയെ കണ്ടയുടനെ ഇടത് പക്ഷത്തിന് വേണ്ടി വോട്ട് തേടാൻ നാട്ടുകാരും സ്ഥാനാർത്ഥിക്കൊപ്പം ചേർന്നു.
ഒന്നര വർഷത്തിനിടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ മൈലപ്രയിൽ കാഴ്ച്ച വെച്ച ജനീഷ് കുമാറിന് വിജയാശംസകൾ നേർന്നാണ് മൈലപ്രക്കാർ യാത്രയാക്കിയത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ആർ ഭാർഗവൻ, ഏരിയ കമ്മിറ്റി അംഗം പി.സി ജോൺ, പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക സുനിൽ, അംഗങ്ങളായ റെജി എബ്രഹാം, ജോൺ എം സാമുവേൽ, രജനി ജോഷി, സാജു മണിദാസ്, മുൻ പഞ്ചായത് വൈസ് പ്രസിഡൻ്റ് ക്യാപ്റ്റൻ സി.വി വർഗീസ്, ഡോ. അജയകുമാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.