ആറ്റിങ്ങൽ എം പി കോന്നിയിലെ കാര്യം നോക്കണ്ട; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രംഗത്ത്

 ആറ്റിങ്ങൽ എം പി കോന്നിയിലെ കാര്യം നോക്കണ്ട; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രംഗത്ത്

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയ്ക്കും കോന്നിയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനായില്ല. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുമെന്ന നേതാക്കളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് കോന്നിയിലെ കോണ്‍ഗ്രസിനുള്ളില്‍ തമ്മിലടി രൂക്ഷമായി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്റെ ഇഷ്ടക്കാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അടൂര്‍ പ്രകാശിനെതിരെയാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുംപുറവും എം.എസ് പ്രകാശും രംഗത്തെത്തിയത്.

എ.ഐ.സി.സി. നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി കാര്യങ്ങള്‍ തീരുമാനിക്കുമെന്നിരിക്കേ അടൂര്‍ പ്രകാശ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് അച്ചടക്ക ലംഘനമാണ്. അച്ചടക്ക ലംഘനത്തിനെതിരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, താരിഖ് അന്‍വര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരേ നടപടി എടുക്കണമെന്ന് സാമുവല്‍ കിഴക്കുപുറവും എം.എസ്. പ്രകാശും വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയവും പ്രഖ്യാപനവും നടത്തേണ്ടത് എ.ഐ.സി.സിയും ഹൈക്കമാന്‍ഡുമാണ് അല്ലാതെ ആറ്റിങ്ങല്‍ എംപിയല്ലെന്ന് സാമുവല്‍ കിഴക്കുംപുറം പറഞ്ഞു.

കോന്നിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ആറ്റിങ്ങല്‍ എം.പിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാം. കൊള്ളാമെന്ന് തോന്നിയാല്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ചോളും. കോന്നിയില്‍ സ്ഥാനാര്‍ഥിയുടെ പേര് നിര്‍ദേശിക്കാന്‍ അവകാശമുള്ളത് ഈ ജില്ലയുടെ എം.പിയായ ആന്റോ ആന്റണിയ്ക്കാണ്. അദ്ദേഹം വേണമെങ്കില്‍ അതു ചെയ്തോട്ടെ എന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റുകൂടിയായ റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയേക്കുമെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രഖ്യാപനം. എന്നാല്‍ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും തലത്തിലും യോഗത്തിലും ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് നേതാക്കള്‍ പറയുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച പ്രകാരം വിവിധ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കുള്ള സര്‍വേ നടന്നു വരുന്നതേയുള്ളൂ. അത് പൂര്‍ത്തിയായി കഴിഞ്ഞ് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. അത് റോബിന്‍ പീറ്ററോ മറ്റാരെങ്കിലുമോ ആകട്ടെ അപ്പോള്‍ തങ്ങള്‍ നോക്കാമെന്നും അല്ലാതെ അടൂര്‍ പ്രകാശിന്റെ പ്രഖ്യാപനം അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നും സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് പി. മോഹന്‍രാജിനെ തോല്‍പ്പിക്കാന്‍ പരിശ്രമിച്ചവരാണ് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററുമെന്ന് സാമുവല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അന്ന് എ.ഐ.സി.സി. തലം വരെ പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും എടുത്തില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനില്‍ നിന്ന് മത്സരിച്ച തന്റെ പരാജയത്തിന് കാരണക്കാരനായതും അടൂര്‍ പ്രകാശ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററിന് ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അടൂര്‍ പ്രകാശ് നിയമസഭാ സീറ്റിലേക്ക് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചത്. എന്നാല്‍, റോബിന്‍ മത്സരിച്ച പ്രമാടം ഡിവിഷനില്‍ വള്ളിക്കോട്, തുമ്പമണ്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ ഭാഗമാണ് കൂടുതലായി ഉള്‍പ്പെടുന്നത്. കഴിഞ്ഞ തവണ റോബിന്‍ പീറ്റര്‍ പ്രസിഡന്റായിരുന്ന പ്രമാടം പഞ്ചായത്തിന്റെ ഭരണം ഇക്കുറി എല്‍.ഡി.എഫ്. പിടിച്ചെടുക്കുകയും ചെയ്തുവെന്ന് സാമുവല്‍ ചൂണ്ടിക്കാണിച്ചു.