‘ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ ; മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന് കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്; നോവായി അമ്മയുടെയും പിഞ്ചുമക്കളുടെയും അവസാന സെൽഫി

 ‘ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ ; മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന് കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്; നോവായി അമ്മയുടെയും പിഞ്ചുമക്കളുടെയും അവസാന സെൽഫി

ജക്കാര്‍ത്ത: ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ റതീഹ് വിന്ദാനിയ എന്ന യുവതി തന്‍റെ കുടുംബത്തിന് അയച്ച സന്ദേശമാണിത്. കളിച്ച് ചിരിച്ചിരിക്കുന്ന രണ്ട് മക്കൾക്കൊപ്പമുള്ള ഒരു സെൽഫിയും ഒപ്പം ചുംബനമെറിയുന്ന ഇമോജികളും ഈ സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു.

കുടുംബത്തിനൊപ്പം മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന് ശേഷം സന്തോഷത്തോടെ നാട്ടിലേക്ക് യാത്ര ആയ റതീഹിന്‍റെയും കുട്ടികളുടെയും യാത്ര അവസാനിച്ചത് മരണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ ആയിരുന്നു ഈ യുവതിയും കുടുംബവും. ജക്കാർത്തയിലെ സുകാർണോ ഹട്ടാ വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം പറന്നുയർന്നത്.

എന്നാൽ ടേക്ക് ഓഫ് കഴിഞ്ഞ് പത്ത് നിമിഷത്തിനുള്ളിൽ വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പടിഞ്ഞാറൻ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള വിമാനത്തിൽ 62 പേരാണുണ്ടായിരുന്നത്. പിന്നീട് വിമാനം തകർന്നു വീണതാണെന്ന് സ്ഥിരീകരിച്ചു.

സന്തോഷത്തോടെ യാത്രയാക്കിയ കുടുംബം അപകടത്തിൽപ്പെട്ടതിന്‍റെ ഞെട്ടലിലാണ് റതീഹയുടെ സഹോദരൻ ഇർഫാൻസിയ റിയാന്‍റോ. സഹോദരിക്കും മക്കള്‍ക്കുമൊപ്പം മാതാപിതാക്കളെയും ഇയാൾക്ക് നഷ്ടമായി.കുടുംബത്തെ വിമാനത്താവളത്തിലെത്തിച്ചത് ഇർഫാൻസിയ തന്നെയായിരുന്നു.

ചെക്ക് ഇൻ ചെയ്യാനും ലഗേജ് എടുത്തു നൽകാനും ഒപ്പം തന്നെ നിന്നു. ‘ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ച പോലെ’ ഹൃദയം തകർന്ന് ഈ യുവാവ് പറയുന്നു.