എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ 2 പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

 എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ 2 പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം:  യുവാക്കളുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ടപ്പ് എഡ്ജ് വാഴ്‌സിറ്റി ജര്‍മനിയിലെ  രണ്ട് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുമായി ധാരണയിലെത്തി.

ലോകത്തെ പ്രമുഖ ഓയില്‍ കമ്പനികളുടെ മേല്‍നോട്ടത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിംഗ് കോഴ്‌സ് നടത്തുന്ന ജര്‍മ്മന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം ഡ്രില്ലിംഗ് കോളജ്  ഓഫ് സെല്ലെ(Drilling College of Celle), എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗ് കോഴ്‌സ് നടത്തുന്ന യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി(EASA) അംഗീകാരമുള്ള എറ്റിസിസി( ATCC) എന്നിവയുമായാണ് ധാരണയിലെത്തിയത്.

ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെയുമായി ധാരണാപത്രം ഒപ്പുവെച്ചതോടെ എഡ്ജ് വാഴ്‌സിറ്റിയുടെ തൊഴില്‍ നൈപുണ്യ പരിശീലനം  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമാകുമെന്ന് എഡ്ജ് വാഴ്‌സിറ്റി സിഇഒ ശേഖരന്‍ മേനോന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഈ മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്താരാഷ്ട്രനിലവാരമുള്ള സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനും  സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു സ്വതന്ത്രകലാശാലയായി ജര്‍മ്മന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ 1937 ലാണ് സ്ഥാപിതമായത്. ക്രൂഡ് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലുള്ള  എക്‌സോണ്‍ മൊബൈല്‍(Exxon mobil), വിന്റര്‍ഷാല്‍(Wintershall), ഒഎംവി( OMV) തുടങ്ങിയ മുന്‍നിര കമ്പനി പ്രതിനിധികളുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള പരിശീലനമാണ് ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ നല്‍കുന്നത്.

യൂണിവേഴ്‌സിറ്റിയുടെ പാഠ്യപദ്ധതിയും വ്യവസായ മേഖലയിലെ മാറ്റവും തമ്മിലുള്ള വിടവ് നികത്തി തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് എഡ്ജ് വാഴ്‌സിറ്റിയുടെ ലക്ഷ്യമെന്നും  ശേഖരന്‍ മേനോന്‍  പറഞ്ഞു.

ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ 25 വര്‍ഷത്തെ പരിചയസമ്പത്തുള്ള പരിശീലകരാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നതെന്നും ഏഷ്യയില്‍ ഈ രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്യാധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നല്‍കുവാന്‍ എഡ്ജ് വാഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നതിലൂടെ സാധ്യമാകുമെന്നും  ഡ്രില്ലിംഗ് കോളജ് ഓഫ് സെല്ലെ എംഡി ഡോ. ഉഡോ ഗ്രോസ്മാന്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗില്‍ ക്ലാസ് റൂം അധിഷ്ഠിത പരിശീലനം നല്‍കുന്ന ഒരു ഇയസ(EASA) അംഗീകൃത പരിശീലന സ്ഥാപനമാണ് എറ്റിസിസി. എഡ്‌ടെക് പ്ലാറ്റ് ഫോം വഴി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം നൈപുണ്യ പരിശീലനം നല്‍കുന്ന എഡ്ജ് വാഴ്‌സിറ്റിയുമായുള്ള സഹകരണം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് എറ്റിസിസി  മാനേജിംഗ് ഡയറക്ടര്‍ വ്‌ളാഡ്‌മേമര്‍ ബെക്കര്‍ പറഞ്ഞു.

മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ക്കായി സ്‌പെഷ്യലൈസ്ഡ് ഓയില്‍ ആന്‍ഡ് ഗ്യാസ് പ്രോഗ്രാമും  മെക്കാനിക്കല്‍, ഇലക്‌ട്രോണിക്, എയറണോട്ടിക്കല്‍ , ഏവിയേഷന്‍ ബിരുദധാരികള്‍ക്കായി ഏവിയേഷന്‍ കോഴ്‌സും എഡ്ജ് വാഴ്‌സിറ്റി നല്‍കുന്നു.130 മുതല്‍ 140 മണിക്കൂര്‍ വരെയാണ് കോഴ്‌സ് ദൈര്‍ഘ്യം. ബാച്ച് തുടങ്ങുന്നതിന് പ്രത്യേക സമയമില്ലാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും കോഴ്‌സ് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള സ്വയം പരിശീലന പ്രോഗ്രാമാണ് എഡ്ജ് വാഴ്‌സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.