മലപ്പുറത്ത് ആറുമാസം മുമ്പ് കാണാതായ യുവാവ് കൊല്ലപ്പെട്ടതായി തെളി‍ഞ്ഞു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

 മലപ്പുറത്ത് ആറുമാസം മുമ്പ് കാണാതായ യുവാവ് കൊല്ലപ്പെട്ടതായി തെളി‍ഞ്ഞു; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മലപ്പുറം: ആറു മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് സുഹൃത്തുക്കൾ നടത്തിയ കൊലപാതകം. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്.

വട്ടംകുളം സ്വദേശികളായ അധികാരത്തുപാടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (27) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തിരൂർ ഡി വൈ എസ് പി സുരേഷ് ബാബു, ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ സി ചിറക്കൽ എന്നിവരുൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഇർഷാദിനെ കൊന്ന് കിണറ്റില്‍ തള്ളി എന്നാണ് പ്രതികളുടെ മൊഴി. 2020 ജൂൺ 11 ന് ആണ് ഇർഷാദിനെ കാണാതായത്. കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. ആരുടെ കൂടെയാണ് പോയതെന്ന് വീട്ടുകാർക്ക് അറിയില്ലായിരുന്നു. തുടർന്ന് ഇർഷാദിനെ കാണാനില്ലെന്ന പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചു.

പൊലീസ് നടത്തിയ അന്വേഷണമാണ് ആറുമാസത്തിനിപ്പുറം പ്രതികളിലേക്ക് എത്തിയത്.
മൊബൈൽ ഫോൺ- ലാപ്ടോപ് ബിസിനസുകാരനായിരുന്നു കാണാതായ ഇർഷാദ്. സ്വർണ വിഗ്രഹം നൽകാം എന്നു പറഞ്ഞ് പ്രതികൾ ഇർഷാദിൻ്റെ കയ്യിൽ നിന്ന് 2 ലക്ഷം രൂപ വാങ്ങിയിരുന്നു.

പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയെ തുടർന്നായിരുന്നു കൊലപാതകം. എടപ്പാൾ പഞ്ചായത്തിലെ പൂക്കരത്തായിലുള്ള കിണറ്റിലാണ് ഇർഷാദിന്റെ മൃതദേഹം തള്ളിയതെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിണർ വറ്റിച്ച് പരിശോധന നടത്തും.

കാണാതായ പിറ്റേന്ന് തന്നെ ഇർഷാദിന്‍റെ വീട്ടുകാർ ചങ്ങരംകുളം പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് സുഹൃത്തുക്കളെ പലവട്ടം ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു.

എന്നാൽ കേസിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതോടെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് ആറുമാസം മുമ്പ് നടന്ന കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.