ബീഹാറിന്റെ ‘ ഓക്‌സിജന്‍ മാന്‍ ‘; രക്ഷിച്ചത്‌ 800 ജീവനുകള്‍; പ്രചോദനമായത് ഓക്‌സിജന്‍ കിട്ടാതെ സ്വയം അനുഭവിച്ച ദുരിതം !

 ബീഹാറിന്റെ ‘ ഓക്‌സിജന്‍ മാന്‍ ‘; രക്ഷിച്ചത്‌ 800 ജീവനുകള്‍; പ്രചോദനമായത് ഓക്‌സിജന്‍ കിട്ടാതെ സ്വയം അനുഭവിച്ച ദുരിതം !

പട്ന : ബിഹാറിലെ കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ആശുപത്രികളിലേക്ക് കഴിഞ്ഞ അഞ്ച് മാസമായി സൗജന്യമായി ഓക്സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന പട്ന സ്വദേശി ഗൗരവ് റായിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പട്ന ഉള്‍പ്പടെ സംസ്ഥാനത്തെ പതിനെട്ട് ജില്ലകളിലെ കോവിഡ് ആശുപത്രികളിലേക്കാണ് ഗൗരവ് റായ് സൗജന്യമായി ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇത്തരത്തിലുള്ള സഹായം ചെയ്യാന്‍ ഗൗരവ് റോയിയെ പ്രേരിപ്പിച്ചത്. ആറ് മാസം മുമ്പാണ് ഗൗരവ് റായ് കോവിഡ് ബാധിച്ച്് പട്നയിലെ പി.എം.സി.എച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. തുടക്കത്തില്‍ മികച്ച പരിചരണമോ, ഓക്സിജനോ ലഭിക്കാതെ ഗുരുതരാവസ്ഥയിലായിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കോവിഡ് മുക്തനായത്.

ആവശ്യത്തിന് ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം ബിഹാറിലെ ആശുപത്രികളെ പ്രതിസന്ധിലാക്കുന്നുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ ഉള്‍പ്പെടെ മനസ്സിലാക്കിയാണ് ഗൗരവ് റായ്തന്റെ സേവന പാത തുറന്നത്.

സുഹൃത്തുക്കളുടെയും ബിഹാര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പടെയുളള ചില സംഘടനകളുടെയും സഹായത്തോടയൊണ് പ്രവര്‍ത്തനം നടത്തുന്നത്. പ്രതിദിനം 250ലേറെ ഓക്സിജന്‍ സിലിണ്ടറുകള്‍ റായ് വിതരണം ചെയ്യുന്നു. ബിഹാറിലെ ഗ്രാമീണ മേഖലയിലേക്കാണ് കൂടുതല്‍ സഹായം നല്‍കുന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 800ലധികം പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഗൗരവ് റായിയുടെ കരങ്ങള്‍ക്ക് കഴിഞ്ഞു.