മക്കള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി; ബോധം കെട്ടെന്ന് ഉറപ്പായപ്പോള്‍ മുറികളിലെത്തിച്ച് കെട്ടിത്തൂക്കി, വളര്‍ത്തു നായക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കി; മക്കളും നായയും മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാതാപിതാക്കളും ജീവനൊടുക്കി; നാടിന് തേങ്ങലായ നാലംഗ കുടുംബത്തിന്റെ സംസ്‌ക്കാരം നടത്തി; കടക്കെണി വിശ്വസിക്കാനാകാതെ ബന്ധുക്കള്‍

മുടപുരം : മുടപുരം ശിവകൃഷ്ണക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച രാത്രി കൂട്ട ആത്മഹത്യ നടത്തിയ നാലംഗ കുടുംബത്തിന്റെ സംസ്കാരം നടന്നു. വീട്ടുവളപ്പിൽ അടുത്തടുത്തായാണു നാലംഗ കുടുംബത്തിനു ഉച്ചയോടെ ചിതയൊരുക്കിയത്. വട്ടവിള വിളയിൽ വീട്ടിൽ സുബി(51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരാണ് മരിച്ചത്. വേർപാടിൽ അനുശോചിച്ചു മുടപുരത്തു കടകമ്പോളങ്ങളടച്ചു ഹർത്താലാചരിച്ചു.
ഗൃഹനാഥനായ സുബി എഴുതിയതെന്നു പൊലീസ് സ്ഥിരീകരിച്ച കുറിപ്പിൽ ഇനി മുന്നോട്ടു പോവുക ബുദ്ധിമുട്ടാണെന്നു സൂചിപ്പിച്ചിരുന്നു. ഇവരുടെ വളർത്തുനായക്കു വിഷം കൊടുത്ത ശേഷം ഇവനെക്കൂടി ഞങ്ങൾ ഒപ്പം കൂട്ടുകയാണെന്നും വീടിന്റെ പൂമുഖത്തു മറ്റൊരുകത്തും എഴുതിവച്ചശേഷമാണു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണു പൊലീസ് നിഗമനം.
അതിനിടെ മക്കളായ അഖിലിനും ഹരിപ്രിയക്കും ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി നൽകി ബോധരഹിതരായപ്പോൾ ഇരുവരും ചേർന്നു അടുത്തടുത്ത മുറികളിലെത്തിച്ചു കെട്ടിത്തൂക്കുകയും മരിച്ചെന്നുറപ്പായപ്പോൾ ഇരുവരും സ്വയം കെട്ടിത്തൂങ്ങി ജീവനൊടുക്കുകയായിരുന്നെന്നുമാണു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഇവർ താമസിച്ചിരുന്ന വീട് സമീപത്തെ സഹകരണബാങ്കിൽ ഏഴുലക്ഷം രൂപയുടെ കടബാധ്യതയിലാണ്. ആത്മഹത്യ ചെയ്യുന്നതിനു നാലുദിവസം മുൻപു കുറക്കടയിലെ പച്ചക്കറിക്കട തുറക്കാൻ സുബി എത്തിയിരുന്നില്ല.
സമീപകടക്കാർ അന്വേഷിച്ചപ്പോൾ തീരെ സുഖമില്ലെന്നും രണ്ടുദിവസം കഴിഞ്ഞു കാണാമെന്നറിയിച്ചു തിരിച്ചയക്കുകയും ചെയ്തു. കഴക്കൂട്ടത്തു ലോഡ്ജ് വാടകയ്ക്കെടുത്തു നടത്തിയതിലും പച്ചക്കറിക്കടയിലുമായി 15ലക്ഷത്തോളം രൂപ കടമുള്ളതായി അടുത്ത സുഹൃത്തുക്കളോടും സുബി പറഞ്ഞിരുന്നു.