ഭാര്യയെ വച്ച് ചൂതാടി; തോറ്റതോടെ സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അനുമതി; ഒടുവിൽ ആസിഡ് ഒഴിച്ച് ‘ശുദ്ധീകരണവും’

 ഭാര്യയെ വച്ച് ചൂതാടി; തോറ്റതോടെ സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അനുമതി; ഒടുവിൽ ആസിഡ് ഒഴിച്ച് ‘ശുദ്ധീകരണവും’

പട്ന: സുഹൃത്തുക്കൾക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി യുവാവ്. ഭാര്യയെ പണയം വച്ച് കളിച്ച ചൂതാട്ട മത്സരത്തിൽ തോറ്റതോടെയാണ് യുവാവിന്‍റെ ഈ ക്രൂരപ്രവൃത്തി. ബീഹാറിലെ ഭഗൽപുർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സോനു ഹരിജൻ എന്നയാളെ അറസ്റ്റ് ചെയ്തതായി മൊസാഹിദ്പുർ എസ്എച്ച്ഒ രാജേഷ് കുമാർ ഝാ അറിയിച്ചു.

‘സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വളരെ പെട്ടെന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള ആളുകളെയും വൈകാതെ തന്നെ അറസ്റ്റ് ചെയ്യും’ ഝാ വ്യക്തമാക്കി.

പൊലീസ് പറയുന്നതനുസരിച്ച് ചൂതുകളിയിൽ തോറ്റ ഇയാൾ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ മുപ്പതുകാരിയായ ഭാര്യയെ നിർബന്ധിച്ചു. എന്നാൽ യുവതി എതിർത്തതോടെ ഇവരുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയും ചെയ്തു. ഭാര്യയെ ‘ശുദ്ധീകരിക്കുന്നതിനായാണ്’ഇത്തരത്തിൽ ആസിഡ് ഒഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‘ഒരുമാസം മുമ്പ് നടന്ന ചൂതുകളിയിലാണ് ഭാര്യയെ പണയം വച്ചത്. കളിയിൽ തോറ്റതോടെ വാക്കുനല്‍കിയതനുസരിച്ച് വിജയികൾക്ക് ഒരുമാസത്തേക്ക് ഭാര്യയെ കൈമാറണം. എന്നാൽ യുവതി അവർക്കൊപ്പം പോകാൻ തയ്യാറായില്ല’. എന്നാണ് അറസ്റ്റിലായ സോനു പൊലീസിന് നല്‍കിയ മൊഴി.

ഭാര്യയെ ചൂതാട്ടത്തിൽ പണയം വച്ചെന്നും സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു എന്നുള്ള കാര്യവും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി പരിശോധിച്ച് വരികയാണ് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവതിയെ ഭർതൃവീട്ടുകാർ ഒളിവിൽ തടവിൽ പാർപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഉണ്ടായ സംഭവത്തെക്കുറിച്ച് പുറംലോകം അറിയാതിരിക്കുന്നതിനായി പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം യുവതിയെ ഒരുവീട്ടിൽ അടച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഞായറാഴ്ചയോടെ ഇവിടെ നിന്ന് രക്ഷപ്പെട്ട് യുവതി പുറത്തിറങ്ങിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. ഭർതൃവീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തി വിവരങ്ങൾ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾക്കൊപ്പമാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.