അന്ധവിശ്വാസത്തിന്റെ പേരിൽ അരുംകൊല; മകനെ കൊന്ന് കഷണങ്ങളാക്കി നെയ്യും മസാലയും ചേർത്ത് പൊരിച്ചു

 അന്ധവിശ്വാസത്തിന്റെ പേരിൽ അരുംകൊല; മകനെ കൊന്ന് കഷണങ്ങളാക്കി നെയ്യും മസാലയും ചേർത്ത് പൊരിച്ചു

കൊൽക്കത്ത: അന്ധവിശ്വാസത്തിന്റെ പേരിൽ അരുംകൊല. പശ്ചിമബംഗാളിലാണ് സംഭവം. അമ്മ ആട്ടുകല്ല് കൊണ്ട് 25കാരനായ മകന്റെ തല അടിച്ചു തകർക്കുകയും ഇളയമകനൊപ്പം ചേർന്ന് ശരീരം വെട്ടിനുറുക്കി മസാലയും നെയും ചേർത്ത് പൊരിക്കുകയുമായിരുന്നു. താന്ത്രിക വിദ്യയുടെ ഭാഗമായാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

അർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നേരത്തെ അർജുനെ കാണാനില്ലെന്ന് കാട്ടി പിതാവ് അനിൽ മഹെൻസരിയ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. വ്യാഴാഴ്ച വൈകുന്നേരം ബിദാൻനഗർ ഈസ്റ്റ് പൊലീസ്, പാതിവെന്ത പുരുഷന്റെ ശരീരം ഇരുനില കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്.

പൂജാമുറിയിൽ വലിയ ഹോമകുണ്ഡവും മറ്റും കണ്ടെത്തിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അർജുന്റെ അമ്മ ഗീതയും സഹോദരൻ വിദുരും സത്യം തുറന്നുപറയുകയായിരുന്നു.

ഗീത മകന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ടവലിൽ പൊതിഞ്ഞ് ടെറസിൽ കൊണ്ടുപോയി കഷണങ്ങളാക്കുകയും സഹോദരൻ വിദുർ ഹോമകുണ്ഡത്തിൽ കത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നിന്ന് കണ്ടെടുത്ത ആട്ടുകല്ലിൽ രക്തത്തിന്റെ പാടുകളും പൊലീസ് കണ്ടെത്തി.