കടുത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചു; പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെയും മകന്റെയും ശവകുടീരത്തിനരികില്‍ സ്വയം ചിതയൊരുക്കി 72കാരന്റെ ആത്മഹത്യ, കൊല്ലത്ത് നടന്നത്…

കൊല്ലം: ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച വയോധികന് ദാരുണാന്ത്യം. കുന്നിക്കോട് പിടവൂർ അരുവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായർ (72) ആണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.
രാഘവൻ എയർഫോഴ്സിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം.
നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളുംചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്.
ഭാര്യ സുധയും ഏകമകൻ ഹരിയും പത്തുവർഷംമുൻപ് മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം. തലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ് നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തി.
ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുമ്പോൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.