യുവ സീരിയല്‍ നടി ചിത്ര ഹോട്ടല്‍ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

 യുവ സീരിയല്‍ നടി ചിത്ര ഹോട്ടല്‍ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: പ്രമുഖ തമിഴ് സീരിയൽ താരം വി.ജെ.ചിത്ര (28) ഹോട്ടൽ മുറിയില്‍ മരിച്ച നിലയിൽ. താമസിച്ചിരുന്ന ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പാണ്ഡ്യൻ സ്റ്റോഴ്സ്’ എന്ന സീരിയലിലെ’മുല്ലൈ’ എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിത്ര. ഇവരുടെ അകാലവിയോഗ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും.

നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് ചിത്ര ജീവനൊടുക്കിയത്. സീരിയൽ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവർ ഇവിടെ ഹോട്ടലിൽ താമസിച്ചിരുന്നത്. പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമുണ്ടായിരുന്നു.

കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ രണ്ടരയോടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ തിരികെയെത്തിയത്.

ഹേമന്തിന്‍റെ വാക്കുകൾ അനുസരിച്ച് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ താരം കുളിച്ച് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാൽ സമയം ഒരുപാട് കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ വാതിലിൽ തട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.

തുടർന്ന് ഇയാൾ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ ചിത്രയെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം എത്തിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അവതാരക, നർത്തകി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന ചിത്ര സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അതുകൊണ്ട് തന്നെ താരം ഇത്തരമൊരു കടുംകൈ ചെയ്തതിന്‍റെ ഞെട്ടലിലാണ് ആരാധകർ.