ഓഫീസിൽ ടോയ്ലറ്റ് സൗകര്യം ഇല്ല; സമീപത്തെ ശുചിമുറിയിലേക്ക് പോയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണ മരണം

ചെന്നൈ: ഓഫീസിന് സമീപത്തെ ശുചിമുറിയിലേക്ക് പോയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണ മരണം. തമിഴ്നാട് കാഞ്ചിപുരം അസിരിനഗർ നിവാസി ശരണ്യ (24) ആണ് മരിച്ചത്. ഇവിടെ കലകത്തൂർ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സെന്‍ററിൽ ജൂനിയർ അസിസ്റ്റന്‍റാണ് ഭിന്നശേഷിക്കാരിയായ ശരണ്യ.
ഓഫീസിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ ഒരു കെട്ടിടത്തിലെ ശുചിമുറി സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. അവിടെ വച്ചാണ് അപകടം.
ടോയ്ലറ്റില്‍ പോകാനിറങ്ങിയതായിരുന്നു ശരണ്യ. കനത്തമഴ പെയ്തതിനാൽ പ്രദേശമാകെ വെള്ളം കെട്ടിയ നിലയിലായിരുന്നു. ടോയ്ലറ്റിന് മുന്നിലായാണ് സെപ്റ്റിക് ടാങ്ക്. വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇത് ശ്രദ്ധയിൽപ്പെടാതെ കാല് വച്ച ശരണ്യ, മുകളിലെ കോൺക്രീറ്റ് തകർന്ന് എട്ടടി താഴ്ചയുള്ള സെപ്റ്റിങ്ക് ടാങ്കിലേക്ക് വീഴുകയായിരുന്നു.
ടോയ്ലറ്റില്‍ പോകാനിറങ്ങിയ ശരണ്യയെ ഏറെ നേരമായി കാണാതെ സംശയം തോന്നിയ സഹപ്രവർത്തകർ തിരക്കിയിറങ്ങിയപ്പോഴാണ് സെപ്റ്റിങ്ക് ടാങ്കിൽ നിന്നും യുവതിയെ കണ്ടെത്തുന്നത്.
ഉടൻ തന്നെ കാഞ്ചിപുരം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതിഷേധവുമായി ശരണ്യയുടെ ബന്ധുക്കൾ രംഗത്തെത്തി.
ഓഫീസിൽ ടോയ്ലറ്റ് വേണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല എന്നാണ് ഇവരുടെ ആരോപണം. ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ ജോലിക്ക് പോകാന്‍ പോലും ശരണ്യ മടിച്ചിരുന്നുവെന്നും ഇവർ പറയുന്നു.