‘കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് നീ വളരെ ദുര്‍ബലനാണെന്ന കളിയാക്കല്‍,’എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാന്‍ ലോകത്തെ കാണിച്ചു’; തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി; സീരിയല്‍ കില്ലറായ 22കാരന്‍ പിടിയില്‍

 ‘കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് നീ വളരെ ദുര്‍ബലനാണെന്ന കളിയാക്കല്‍,’എനിക്ക് എന്ത് ചെയ്യാനാകുമെന്ന് ഞാന്‍ ലോകത്തെ കാണിച്ചു’; തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി; സീരിയല്‍ കില്ലറായ 22കാരന്‍ പിടിയില്‍

ഡല്‍ഹി: ദിവസങ്ങള്‍ക്ക് മുന്‍പ് തുടര്‍ച്ചയായി മൂന്ന് ദിവസം മൂന്ന് പേരെ കൊലപ്പെടുത്തിയ 22 കാരനായ സീരിയല്‍ കില്ലറെ പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് റസി എന്ന 22കാരനാണ് ഗുഡ്ഗാവില്‍ അറസ്റ്റിലായത്.

ഇക്കഴിഞ്ഞ നവംബര്‍ 23, 24, 25 തീയതികളിലാണ് ഇയാള്‍ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഒരു പരിചയം പോലുമില്ലാത്ത മൂന്ന് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തനിക്ക് രസകരമായി തോന്നിയതായും തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശമായിരുന്നു കൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

‘കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ് നീ വളരെ ദുര്‍ബലനാണെന്ന കളിയാക്കല്‍. അതെന്റെ മനസില്‍ കിടന്നു. മുതിര്‍ന്ന ശേഷം എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തെ ഞാന്‍ കാണിച്ചു കൊടുക്കുകയായിരുന്നു’- യുവാവിന്റെ മൊഴിയില്‍ പറയുന്നു.

കൊല്ലാന്‍ തിരഞ്ഞെടുക്കുന്ന ആളെ ആദ്യം മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കും. പിന്നീട് ഇവരെ കുത്തിക്കൊല്ലുക എന്ന രീതിയാണ് യുവാവ് അവംലബിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് കൊലകളും രാത്രിയിലാണ് 22കാരന്‍ നടത്തിയത്. മൂവരേയും കൊന്ന ശേഷം തല മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച നിലയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 23 രാത്രി ഗുഡ്ഗാവിലെ ലെയ്‌സര്‍ വാലി പാര്‍ക്കില്‍ വച്ചാണ് ആദ്യ കൊലപാതകം നടത്തിയത്. 24ാം തീയതി ഗുഡ്ഗാവില്‍ തന്നെയുള്ള സുരക്ഷാ ജീവനക്കാരനായ 40കാരനെയാണ് ഇയാള്‍ കൊന്നത്. 25ാം തീയതി 26കാരനായ രാകേഷ് കുമാര്‍ എന്നയാളെയും കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാകേഷിന്റെ മൃതദേഹം ഗുഡ്ഗാവ് സെക്ടര്‍ 47ല്‍ കണ്ടെത്തിയത്.

300 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഈ മൂന്ന് കൊലകള്‍ മാത്രമല്ല ഇതടക്കം ഡല്‍ഹിയിലും ഗുഡ്ഗാവിലുമായി പത്ത് കൊലപാതകങ്ങള്‍ വരെ യുവാവ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വ്യാപകമായ അന്വേഷണം പൊലീസ് തുടരുകയാണ്.