കൊച്ചിയില്‍ മൂന്നംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; അച്ഛനും അമ്മയും ചാരി ഇരിക്കുന്ന നിലയില്‍, മകന്‍ കട്ടിലില്‍ നിന്ന് താഴേക്ക് കിടക്കുന്ന നിലയില്‍; വീട്ടില്‍ ഡീസല്‍ ഒഴിച്ച് ഗ്യാസ് തുറന്നു വിട്ട നിലയിലും

 കൊച്ചിയില്‍ മൂന്നംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍;  അച്ഛനും അമ്മയും ചാരി ഇരിക്കുന്ന നിലയില്‍, മകന്‍ കട്ടിലില്‍ നിന്ന് താഴേക്ക് കിടക്കുന്ന നിലയില്‍; വീട്ടില്‍ ഡീസല്‍ ഒഴിച്ച് ഗ്യാസ് തുറന്നു വിട്ട നിലയിലും

കൊച്ചി: അച്ഛനെയും അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പി.എൻ.രാജേഷ് (55), ഭാര്യ നിഷ (49), ഏകമകൻ ആനന്ദ് രാജ് (16) എന്നിവരാണു മരിച്ചത്.

വിഷം ഉള്ളിൽച്ചെന്നു മരിച്ചെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവർ വീട്ടിൽ ഡീസൽ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിടുകയും ചെയ്തിരുന്നു. ഇവർ താമസിച്ചിരുന്ന വീടിന്റെ മുകളിലെ നിലയിൽ മറ്റൊരു കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നു.

ഇവർ പെരുവാരത്തു താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. ഇന്നലെ രാവിലെ ഇവരെ പുറത്തു കാണാതിരുന്നതിനാൽ വീട്ടുടമ എത്തി ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നു കരുതി തിരിച്ചുപോയെങ്കിലും‍ ഏറെനേരമായിട്ടും ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈൽ ഫോണിലേക്കു വിളിച്ചു. ആരും ഫോൺ എടുത്തില്ല. രാത്രി 7 മണിയോടെ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണു 3 പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലിൽ നിന്നു താഴേക്കു കിടക്കുന്ന നിലയിലുമായിരുന്നു. വീട്ടിൽ ഭക്ഷണപദാർഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു.

വിദേശത്തായിരുന്ന രാജേഷ് നാട്ടിൽ തിരിച്ചെത്തിയ ശേഷ‌ം മത്സ്യ മൊത്ത വിതരണക്കാരനായിരുന്നു. 2 തവണ കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിട്ടുണ്ട്. മത്സ്യം കൊടുത്തിട്ടു പണം കൃത്യമായി ലഭിക്കാത്തതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് അറിയുന്നത്. ആനന്ദ് രാജ‌ിന‌് ഓട്ടിസം ഉണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർഥിയാണ്.

തിങ്കളാഴ്ച രാത്രിയാണു സംഭവം ഉണ്ടായതെന്നാണു കരുതുന്നു. ഇന്നു ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം പോസ്റ്റ‌്മോർട്ടത്തിനായി കൊണ്ടുപോകും.