ആദ്യ ഇര വുവാന്‍ മത്സ്യമാര്‍ക്കറ്റിലെ 57കാരി, ഇന്ന് ലോകമെമ്പാടും പതിനായിരക്കണക്കിന് രോഗികള്‍; അനേകായിരം പേരുടെ ജീവനെടുത്തും ആയിരങ്ങളെ രോഗികളാക്കിയും കുതിച്ചു പാഞ്ഞ കൊവിഡ് 19 ന് ഇന്ന് ഒന്നാം ‘പിറന്നാള്‍’ !

  ആദ്യ ഇര വുവാന്‍ മത്സ്യമാര്‍ക്കറ്റിലെ 57കാരി, ഇന്ന് ലോകമെമ്പാടും പതിനായിരക്കണക്കിന് രോഗികള്‍; അനേകായിരം പേരുടെ ജീവനെടുത്തും ആയിരങ്ങളെ രോഗികളാക്കിയും കുതിച്ചു പാഞ്ഞ കൊവിഡ് 19 ന് ഇന്ന് ഒന്നാം ‘പിറന്നാള്‍’ !

ലോകത്തെ മുൾമുനയിലാക്കിയ കോവിഡ്-19ന് ഇന്ന്‌ ഒരു വയസ്സ്. കഴിഞ്ഞവർഷം ഡിസംബർ ഒന്നിനാണ് ലോകത്താദ്യമായി ചൈനയിലെ വുഹാനിൽ മാരകവ്യാധി സ്ഥിരീകരിച്ചത്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുന്ന 57‑കാരിയായിരുന്നു ആദ്യ ഇര. വാൾസ്ട്രീറ്റ് ജേർണലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

മഹാദുരന്തത്തിന് കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേരു വിളിച്ചത് ഈ വർഷം ജനുവരിയിലാണ്. വുഹാനിൽ നിന്നു മടങ്ങിയെത്തിയ തൃശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിക്ക് ജനുവരി 30‑നു രോഗം സ്ഥിരീകരിച്ചതോടെ മഹാമാരി ഇന്ത്യയിലും സാന്നിദ്ധ്യമറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗത്തിന്റെ ഭീകരതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വരാൻ തുടങ്ങിയപ്പോഴും, മുന്നറിയിപ്പുകൾ വിലയ്ക്കെടുക്കാതെ, ഇന്ത്യാ സന്ദർശനത്തിനെത്തുന്ന യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാനുള്ള സന്നാഹങ്ങളൊരുക്കുന്ന തിരക്കിലായിരുന്നു കേന്ദ്ര ഭരണക്കാർ. എന്നാൽ, ഇതിനൊക്കെ മുമ്പുതന്നെ ഗ്ലോബൽ പ്രിപ്പേർഡ്നസ് മോണിറ്ററിംഗ് ബോർഡ് (ജിപിഎംബി ) ഭൂതലത്തെ ഗ്രസിക്കാനിരിക്കുന്ന ഒരു മാരക വിപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ശ്വാസകോശ സംബന്ധമായ മാരക രോഗത്തിന്റെ പിടിയിൽപ്പെട്ട് ലോകത്തിലെ എട്ടു കോടി ജനങ്ങൾ മരിക്കുമെന്നും ലോക സമ്പദ് വ്യവസ്ഥയുടെ അഞ്ചു ശതമാനം പാഴാകുമെന്നുമായിരുന്നു റിപ്പോർട്ട്.

രാജ്യത്ത് രോഗത്തിന്റെ കാഠിന്യം കൂടിയതോടെ, പ്രതിരോധ വാക്സിനെക്കുറിച്ച് അബദ്ധ പഞ്ചാംഗങ്ങൾ പലതും ഉരുവിട്ട കേന്ദ്ര സർക്കാർ, തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ഓഗസ്റ്റ് 15‑നു പുറത്തിറക്കുമെന്നു പ്രഖ്യാപിച്ചത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. സ്വാതന്ത്ര്യദിനത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോഡിക്ക് പ്രഖ്യാപനം നടത്തുന്നതിനു മാത്രം സുരക്ഷാ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി വാക്സിൻ വികസിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

അടുത്തിടെ വാക്സിൻ ഗവേഷണം അല്പം മുന്നോട്ടു നീങ്ങിയതോടെ മുൻഗണനാ വിഭാഗത്തിൽ വരുന്നവരുടെ പട്ടിക തയ്യാറാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വാക്സിൻ എന്നത്തേക്ക് എന്ന കാര്യത്തിൽ വ്യക്തതയില്ല.