‘പൊലീസുകാരി പോലും വഴക്കുപറഞ്ഞു, ആരും എന്നോട് ദയ കാണിച്ചില്ല’; ആംബുലന്‍സിലെ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വാക്കുകള്‍

 ‘പൊലീസുകാരി പോലും വഴക്കുപറഞ്ഞു, ആരും എന്നോട് ദയ കാണിച്ചില്ല’; ആംബുലന്‍സിലെ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ വാക്കുകള്‍

പൊലീസുകാരില്‍ നിന്നുള്‍പ്പടെ നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ച് പത്തനംതിട്ടയില്‍ ആംബുലന്‍സില്‍ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി. ആരും തന്നോട് ദയ കാട്ടിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു.

ഗൃഹലക്ഷ്മി പുതിയ ലക്കത്തിലാണ് പെണ്‍കുട്ടി തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് വിവരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയായിരുന്നു ദളിത് പെണ്‍കുട്ടിക്ക് ആംബുലന്‍സ് ഡ്രൈവറില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നത്.

പെണ്‍കുട്ടിയുടെ വാക്കുകള്‍

ആരും എന്നോട് ദയ കാണിച്ചില്ല. തെളിവെടുപ്പിന്റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും വേദനിപ്പിച്ചത്. നടന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയേണ്ടി വന്നു. ദേഹപരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. അതിനും കേട്ടു ഒരുപാട് പഴി. ശരീരം അനക്കാന്‍ വയ്യാത്ത അവസ്ഥയില്‍ തുടരെ അപമാനിക്കപ്പെടുന്നപോലെ എനിക്കു തോന്നി.

ഒപ്പമുണ്ടായിരുന്ന പൊലീസുകാരിപോലും എന്നെ വഴക്കു പറഞ്ഞു. പരിശോധനയ്ക്ക് തയ്യാറാവാന്‍ വേണ്ടി അവര്‍ ബലം പ്രയോഗിച്ചു. ഒടുവില്‍ ഏതോ ഒരു പോലീസുദ്യോഗസ്ഥന്‍ എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹം കരുതലോടെയാണ് സംസാരിച്ചത്. മോളേ, കേസ് നിലനില്‍ക്കണമെങ്കില്‍ തെളിവ് വേണം. അതിന് ഇതേയുള്ളൂ വഴി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനതിന് തയ്യാറായി.

അതിനിടെ വാര്‍ത്ത പുറത്തെല്ലാമറിഞ്ഞു. പലരും സംശയത്തോടെ എന്റെ നേരെ വിരല്‍ ചൂണ്ടി. എന്തുവന്നാലും ഒപ്പം കാണുമെന്ന് വിചാരിച്ചവര്‍പോലും കൈയൊഴിഞ്ഞതോടെ ഞാന്‍ തളര്‍ന്നു. പീഡിപ്പിച്ചവനെ എനിക്ക് മുമ്പേ അറിയാമായിരുന്നെന്നും ഞാനും അയാളും തമ്മില്‍ അടുപ്പത്തില്‍ ആയിരുന്നെന്നുമൊക്കെ ആരൊക്കെയോ കഥകള്‍ പ്രചരിപ്പിച്ചു. ഇതേകാര്യം പറഞ്ഞ് അയാളുടെ പാര്‍ട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലര്‍ വിളിച്ചുകൊണ്ടേയിരുന്നു.

കേസ് കോടതിയില്‍ എത്തിയപ്പോള്‍ അയാളുടെ വക്കീല്‍ എന്നെ കോടതി മുറിയില്‍ വച്ച് പലതും പറഞ്ഞ് അപമാനിച്ചു. വിസ്താരക്കൂട്ടില്‍ കയറ്റി നിര്‍ത്തി അയാളെന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനായില്ല. എന്നെ ഒറ്റപ്പെടുത്തിയ, കുറ്റപ്പെടുത്തിയ എല്ലാവരുടെയും മുഖം ഞാനയാളില്‍ കണ്ടു. ഞാനയളോട് കോടതി മുറിയില്‍ വച്ചു തന്നെ കയര്‍ത്തു സംസാരിച്ചു.

ഞാനൊരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കാണ് കുറ്റബോധം തോന്നേണ്ടത്. ഒളിച്ചിരിക്കേണ്ടതും അവരാണ്. ഞാന്‍ തലയുയര്‍ത്തിത്തന്നെ പുറത്തിറങ്ങി. നാട്ടില്‍ എവിടെയും എനിക്കിതിന്റെ പേരില്‍ യാതൊരു വിവേചനവും അനുഭവപ്പെട്ടില്ല. പഴയതുപോലെ ഞാന്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയിത്തുടങ്ങി.

കളരി പഠിക്കാന്‍ ചേര്‍ന്നു. വയലിന്‍ ക്ലാസിനും കമ്പ്യൂട്ടര്‍ ക്ലാസിനും ഡ്രൈവിങ്ങിനും പോയിത്തുടങ്ങി. എഴുതാന്‍ പറ്റാതെ പോയ മിലിട്ടറി പോലീസ് ടെസ്റ്റ് അടുത്തവര്‍ഷം എഴുതിയെടുക്കണം. അന്തസോടെ ജീവിക്കണം. വലിയ വേദനകളില്‍നിന്നാണ് തിരിച്ചറിവുകള്‍ ഉണ്ടാകുന്നതെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം സംഭവിച്ചതോടെ എനിക്ക് കുറേ തിരിച്ചറിവുകള്‍ ഉണ്ടായി.’