പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞി ഉള്‍പ്പെടയുള്ള സാധനങ്ങള്‍ തുന്നിവെച്ച് തുന്നിക്കെട്ടി

 പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞി ഉള്‍പ്പെടയുള്ള സാധനങ്ങള്‍ തുന്നിവെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞി ഉള്‍പ്പെടയുള്ള സാധനങ്ങള്‍ തുന്നിവെച്ച് തുന്നിക്കെട്ടിയതായി പരാതി. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് സംഭവം.

വലിയതുറ സ്വദേശിനി അല്‍ഫിന അലിയാണ് ഡോക്ടറുടെ കൈപ്പിഴയിയില്‍ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായത്. പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ വയറിനുളളിലായാതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി യുവതി ഗുരുതരാവസ്ഥയിലാകുകയായിരുന്നു.

തുടര്‍ന്ന് എസ് എ ടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍. സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

22 വയസുള്ള അല്‍ഫിന രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെത്തിയത്. സിസേറിയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദനക്ക് കുറവില്ലാതെ വന്നതോടെ ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തി ആഴ്ച ഒന്ന് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പോലുമാകാത്ത അവസ്ഥയായി. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോള്‍ സ്‌കാനിങ്ങിന് വിധേയയാക്കി. അപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ട് കണ്ടത്. മാത്രമല്ല അണുബാധയുമുണ്ടായി.

എസ്എടി ആശുപത്രിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. ആദ്യം കീ ഹോള്‍. അത് ഫലം കാണാതെ വന്നതോടെ വയര്‍ കീറി എല്ലാം പുറത്തെടുത്തു.

തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു ആശുപത്രി അധികൃതരുടെ വെല്ലുവിളി. 19 ദിവസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി ആരോഗ്യം മോശമായ അല്‍ഫിനക്ക് ഇപ്പോള്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് കുടുംബം പറയുന്നു.