എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ അതിനുളള മരുന്ന് തന്നിരുന്നു; അതിൽ നിരോധിച്ച ലഹരി ചേർത്താണ് തന്നതെന്ന് ഞാനറിഞ്ഞില്ല; പിന്നീട് ഇത് ഒറ്റിക്കൊടുത്ത് എന്നെ കളിയില്‍ നിന്ന് ഡ്ര​ഗ്സ് ഉപയോ​ഗിച്ചുവെന്ന പേരിൽ പുറത്താക്കി

 എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ അതിനുളള മരുന്ന് തന്നിരുന്നു; അതിൽ നിരോധിച്ച ലഹരി ചേർത്താണ് തന്നതെന്ന് ഞാനറിഞ്ഞില്ല; പിന്നീട് ഇത് ഒറ്റിക്കൊടുത്ത് എന്നെ കളിയില്‍ നിന്ന് ഡ്ര​ഗ്സ് ഉപയോ​ഗിച്ചുവെന്ന പേരിൽ പുറത്താക്കി

സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത, അങ്ങേയറ്റം സത്യസന്ധനായ മനുഷ്യനായിരുന്നു ഡീഗോ മറഡോണയെന്ന് വ്യവസായിയും അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചവരിൽ പ്രധാനിയുമായ ബോബി ചെമ്മണ്ണൂർ. മറഡോണയ്ക്ക് പകരം വെക്കാന്‍ മറഡോണ അല്ലാതെ ആരുമില്ല. കുട്ടികളെ പോലെയാണ് മനസ്. നുണപറയില്ല അദ്ദേഹമെന്നും ബോബി പറഞ്ഞു. വിവിധ ന്യൂസ് ചാനലുകളോടായിരുന്നു ബോബിയുടെ പ്രതികരണം. വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായി. ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും കൂടിയതെന്നും ബോബി പറയുന്നു.

ഒരുപക്ഷെ ലോകത്ത് തന്നെ അധികം പേരും അറിയാത്ത സത്യം ഞാനുമായി ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ എന്നോട് പങ്കുവെച്ചു, ബോബി എന്നെ കളിയില്‍ നിന്ന് ഡ്ര​ഗ്സ് ഉപയോ​ഗിച്ചുവെന്ന പേരിൽ പുറത്താക്കി എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിച്ച് അൽപം മദ്യവുമായി ഇരിക്കുമ്പോഴാണ് മറഡോണ ഇക്കാര്യം പറയുന്നത്. അത് ചതിയാണ് ബോബി, ഞാൻ ഇന്നസന്റായിരുന്നു. എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ അതിനുളള മരുന്ന് തന്നിരുന്നു. അതിൽ നിരോധിച്ച ലഹരി ചേർത്താണ് തന്നതെന്ന് ഞാനറിഞ്ഞില്ല.

പിന്നീട് ഇത് ഒറ്റിക്കൊടുത്താണ് ലഹരി ഉപയോഗിച്ചു എന്ന പേരില്‍ പുറത്താക്കിയത്. ഫുട്‌ബോള്‍ ലോബി കോടികള്‍ സമ്പാദിക്കാന്‍ വേണ്ടി ചെയ്തതാണ്. ഞാന്‍ നിരപരാധിയാണ് എന്നു പറഞ്ഞു കൊണ്ട് നെഞ്ചത്ത് അടിച്ചുകൊണ്ട് അദ്ദേഹം പൊട്ടിക്കരയുന്ന സംഭവമാണ് ഓര്‍മ്മ വരുന്നത്. അത്രയും സത്യസന്ധനായിരുന്നു മറഡോണ.

ഇന്ന് ഫുട്ബോൾ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണില്ല. പൈസയ്ക്കു വേണ്ടി ഇത്ര കോടി കിട്ടിയാലെ ഇന്നത് ചെയ്യൂ എന്ന് പിടിവാശിയില്ലാത്ത മനുഷ്യനായിരുന്നു മറഡോണയെന്നും ബോബി പറഞ്ഞു.

മറഡോണയുടെ മരണത്തിൽ വിഷമമുണ്ടെന്നും എംബസി വഴി സ്പെഷൽ പെർമിഷനെടുത്ത് അങ്ങോട്ടു പോകാനുളള നീക്കം നടത്തുകയാണെന്നും അനുമതി കിട്ടുമോ എന്നത് അറിയില്ലെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.