പ്രതീക്ഷ! ഓക്സ്ഫോഡ് കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദം, വികസ്വര രാജ്യങ്ങൾക്ക് ഏറെ അനുയോജ്യം

ലണ്ടൻ: ഓക്സ്ഫോഡ് സർവകലാശാലയും അസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ബ്രിട്ടനിലും ബ്രസീലിലും നടന്നുവരുന്ന അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ഇടക്കാല വിശകലനത്തിലാണ് കമ്പനിയുടെ അവകാശവാദം. ആദ്യം പകുതി ഡോസും ഒരുമാസത്തെ ഇടവേളയിൽ മുഴുവൻ ഡോസും എന്ന രീതിയിൽ വാക്സിൻ നൽകിയപ്പോൾ ലഭ്യമാകുന്ന ഫലങ്ങൾ പ്രകാരം വാക്സിൻ 90 ശതമാനത്തോളം ഫലപ്രദമായിരുന്നു.
മറ്റൊരു ഡോസേജിൽ രണ്ടു മാസക്കാലയളവിൽ രണ്ട് പൂർണ ഡോസുകളായി വാക്സിൻ നൽകുമ്പോൾ 62 ശതമാനം ഫലപ്രാപ്തിയും ലഭിച്ചിട്ടുണ്ട്. വാക്സിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണെന്നും രണ്ട് ഡോസിംഗ് രീതികളിലും വാക്സിനുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി അറിയിച്ചു. ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത വോളണ്ടിയർമാരിൽ അണുബാധയുണ്ടായ 131 പേരുടെ വിവരങ്ങളും ഇടക്കാല വിശകലനത്തിലുണ്ട്. ക്രിസ്മസ് കാലമാകുമ്പോഴേക്കും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ പൂർണ വിവരങ്ങൾ കമ്പനി പുറത്ത് വിടും.
വാക്സിൻ ഏറെ ഫലപ്രദവും സുരക്ഷിതവുമാണെന്നും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ വലിയ ആശ്വാസകരമാകുമെന്നും അസ്ട്രസെനക മേധാവി പാസ്കൽ സോറിയോട്ട് പറഞ്ഞു.
ഓക്സ്ഫോഡിന്റെ വാക്സിൻ പ്രായമായവരിൽ ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നതായി ആദ്യഘട്ട ഫലങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു.