‘തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും, കഴുത്തില്‍ സാരി ചുറ്റിയാല്‍ അസാമാന്യ ശക്തി’; ആള്‍ദൈവവും സഹായികളും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

 ‘തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കും, കഴുത്തില്‍ സാരി ചുറ്റിയാല്‍ അസാമാന്യ ശക്തി’; ആള്‍ദൈവവും സഹായികളും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

മുംബൈ:  മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉള്‍പ്പെടെ മൂന്ന്‌പേരുടെ ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്. തൂങ്ങിമരിച്ചാല്‍ ദൈവത്തെ പോലെ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

താനെ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 35കാരനായ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിതിന്‍ ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് പേരെയാണ് വനത്തില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്യം ആട്ടിടയാനാണ് പൊലീസിനെ ധരിപ്പിച്ചത്.

അന്വേഷണത്തില്‍ ഇവര്‍ മൂന്നുപേരെ നവംബര്‍ 14 മുതല്‍ കാണാനില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു.  നിതിന്‍ ബെഹ്‌റ കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത്രവാദം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. നവംബര്‍ നാലിന് കാട്ടിലേക്ക് പോയ ഇവര്‍ അവിടെ വച്ച് മദ്യപിച്ചു. തുടര്‍ന്ന് മദ്യലഹരിയില്‍ തൂങ്ങിമരിച്ചാല്‍ അസാമാന്യ ശക്തി ലഭിക്കുമെന്ന് നിതിന്‍ ബെഹ്‌റ പറഞ്ഞു. തുടര്‍ന്നായിരുന്നു ആത്മഹത്യ.

ഇതിന് മുന്‍പ് ഇവര്‍ തൂങ്ങിമരിക്കാനായി സാരി കൊണ്ടുവന്നിരുന്നു. കഴുത്തില്‍ സാരി ചുറ്റിയാല്‍ ശക്തി വര്‍ധിക്കുമെന്നും എളുപ്പം താഴെ ഇറങ്ങാന്‍ സാധിക്കുമെന്നും നിതിന്‍ ബെഹ്‌റ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. ഇവരുടെ കൂടെ പോയ കുട്ടിയുടെ മൊഴിയില്‍ നിന്നാണ് വിവരം ലഭിച്ചത്. കുട്ടി കൃത്യം നടക്കുന്നതിന് തൊട്ടുമുന്‍പ് പ്രദേശത്ത് നിന്ന് ഓടിക്കളഞ്ഞതായി പൊലീസ് പറയുന്നു.