‘കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു

വേട്ടക്കാരെപ്പോലെ പ്രവർത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. ഇവരെയും മറ്റു ചിലരെയും സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് റിപ്പോർട്ടർ ലൈവിനോട് അദ്ദേഹം പറഞ്ഞു. മറ്റു ചില അംഗങ്ങൾ ആരൊക്കെയാണെന്ന് സംഘടനയ്ക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാർവതി രാജിവെച്ചപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് സംഘടനയ്ക്കു നൽകിയിരുന്നു. സംഘടനയിലെ വേട്ടക്കാർ ആരൊക്കെയാണെന്ന് ആ കത്തിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.
സംഘടനയിൽ നിന്നും രാജിവെയ്ക്കാതെ ആർജവത്തോടെ തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് പാർവതി പോരാടുകയായിരുന്നു വേണ്ടത്. നടി പാർവതിയുടെ രാജി സ്വീകരിക്കുകയും ആക്രമിയ്ക്കപ്പെട്ട നടിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടി സ്വീകരിക്കാത്ത താര സംഘടനയായ അമ്മയുടെ നടപടിയ്‌ക്കെതിരെ പ്രതികരിക്കുകയാരുന്നു അദ്ദേഹം.
മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാൻ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികൾ മോഹൻലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിനീഷ് കോടിയേരിയുടെ വിശദീകരണം ആവശ്യപ്പെട്ട നടപടിയിൽ തെറ്റില്ല. അങ്ങനെയാണ് ഒരു സംഘന ചെയ്യേണ്ടത്. തൃപ്തികരമല്ലാത്ത വിശദീകരണമാണെങ്കിൽ അംഗത്തിനെതിനെതിരെ നടപടിയെടുക്കണം. തെറ്റ് ചെയ്ത അംഗത്തിനെ സസ്‌പെൻഡ് ചെയ്യാം. എന്നാൽ അംഗത്വം റദ്ദാക്കുവാൻ സംഘടനയ്ക്ക് അധികാരമില്ല. ഞാൻ അടക്കമുള്ള ചില അംഗങ്ങൾ സംഘടനയിലെ തെറ്റായ നടപടികളെ ചോദ്യം ചെയ്തിരുന്നു. അതുകൊണ്ടാണ് ബിനീഷിനോട് വിശദീകരണം ചോദിക്കുവാൻ ഇപ്പോൾ സംഘന തീരുമാനിച്ചത്.
സംഘടനയിലെ നിയമാവലിപ്രകാരം പ്രസിഡന്റ് ആണ് മാധ്യമ വക്താവ്. ഇടവേള ബാബു ചാനലിൽ പോയി സംഘടനയിലെ കാര്യങ്ങൾ സംസാരിച്ചത് നിയമാവലിയ്ക്കു വിരുദ്ധമാണ്. ദിലീപിന്റെ വിഷയത്തിൽ ഞാനടക്കമുള്ള അംഗങ്ങൾ നേരത്തെയും സംഘടനയുടെ നീക്കങ്ങളെ ചോദ്യം ചെയ്തിരുന്നു. അത് കൊണ്ടാണ് ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ വിശദീകരണം ചോദിക്കുക എന്ന തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു