രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി, ബലാത്സംഗ ശ്രമം ചെറുത്ത 17കാരിയുടെ മൂക്ക് മുറിച്ച് അക്രമി സംഘം

ഡെറാഡൂണ്‍: ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, 17കാരിയുടെ മൂക്ക് മുറിച്ചെടുത്ത് അക്രമി സംഘം. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാപിതാക്കളെയും രണ്ടംഗ സംഘം ആക്രമിച്ചതായും പരാതിയില്‍ പറയുന്നു.
ഉത്തരാഖണ്ഡ് ബാഗേശ്വര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രതികളും പെണ്‍കുട്ടിയുടെ കുടുംബവും ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാനാണ് സംഘം ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ മൂര്‍ച്ചയേറി ആയുധം ഉപയോഗിച്ചാണ് 17കാരിയുടെ മൂക്ക് മുറിച്ചത്. ആക്രമണത്തിന് ശേഷവും പിന്തിരിയാന്‍ സംഘം തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ച ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പെണ്‍കുട്ടിയും മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതികള്‍ ഒളിവാണെന്നാണ് നല്‍കുന്ന വിശദീകരണം.