15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ സുഹൃത്തിനെ അവര്‍ ഫുട്പാത്തില്‍ കണ്ടെത്തി; തികച്ചും അവിചാരിതമായി  

 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ സുഹൃത്തിനെ അവര്‍ ഫുട്പാത്തില്‍ കണ്ടെത്തി; തികച്ചും അവിചാരിതമായി     

ഗോളിയോര്‍ : മധ്യപ്രദേശില്‍ നിന്ന് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പോലീസുകാരനെ സുഹൃത്തുക്കള്‍ അവിചാരിതമായി കണ്ടുമുട്ടി. ഗോളിയോറിലെ ഒരു റോഡരികില്‍ വെച്ചാണ് അപൂര്‍വമായ ഒരു പുനഃസമാഗമം നടന്നത്.

ഡിവൈഎസ്പിമാരായ രത്‌നേശ് സിംഗും വിജയ് സിംഗ് ബഹദൂറും ഒരു കല്യാണപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുകയായിരുന്നു. ഈ സമയത്താണ് ഒരു യാചകന്‍ റോഡരികില്‍ തണുത്ത് വിറച്ച് ഭക്ഷണത്തിന് കെഞ്ചുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ അവര്‍ അദ്ദേഹത്തിന് തങ്ങളുടെ സ്വറ്റര്‍ നല്‍കി. അപ്പോഴായിരുന്നു കഥയിലെ ട്വിസ്റ്റ് സംഭവിച്ചത്.

യാചകന്‍ അവരെ പേരുവിളിച്ചു. ഇത് കേട്ടപ്പോള്‍ ഞെട്ടിത്തരിച്ച അവര്‍ ആ യാചകനെ അടിമുടി നോക്കി. അത്ഭുതം. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തങ്ങളുടെ സഹപ്രവര്‍ല്‍ത്തകന്‍ മനീഷ് മിശ്രയാണ് തങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയ ഇരുവര്‍ക്കും കണ്ണുകളെ വിശ്വസിക്കാനായില്ല. ഉടന്‍ തന്നെ മനീഷ് മിശ്രയെ അവര്‍ ഒരു എന്‍ജിഒ നടത്തുന്ന അഭയകേന്ദ്രത്തില്‍ എത്തിച്ചു.

2005ലാണ് ദാദിയയിലെ പോലിസ് ഇന്‍സ്‌പെക്ടറായിരിക്കെ മിശ്രയെ കാണാതായത്. നല്ല അത്‌ലറ്റും ഷാര്‍പ് ഷൂട്ടറുമായിരുന്ന മിശ്രക്ക് പിന്നീട് മാനസികാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിന് ചികിത്സയിലിരിക്കെയാണ് കാണാതാകുന്നത്.

മനീഷ് മിശ്രക്ക് മികച്ച താമസ സൗകര്യവും ചികിത്സയും ഒരുക്കി നല്‍കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.