അനിയനെ പിറന്നാള്‍ ആശംസയറിയിക്കാന്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല; കുടുംബാംഗങ്ങള്‍ മാറിമാറി വിളിച്ചിട്ടും മറുപടിയില്ല; ആശംസയെത്താത്ത ലോകത്തേയ്ക്ക് അനിയനും കുടുംബവും യാത്രയായതറിഞ്ഞത് മുംബൈയിൽ നിന്നു പൊലീസ് വിളിച്ചപ്പോൾ

 അനിയനെ പിറന്നാള്‍ ആശംസയറിയിക്കാന്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല;  കുടുംബാംഗങ്ങള്‍ മാറിമാറി വിളിച്ചിട്ടും മറുപടിയില്ല;  ആശംസയെത്താത്ത ലോകത്തേയ്ക്ക് അനിയനും കുടുംബവും യാത്രയായതറിഞ്ഞത് മുംബൈയിൽ നിന്നു പൊലീസ് വിളിച്ചപ്പോൾ

തൃശൂർ : മധുസൂദനന്റെ പിറന്നാളായിരുന്നു ഇന്നലെ. 3 വയസ്സിനു മൂത്ത സഹോദരൻ സോമശേഖരന്റെ പിറന്നാളും ഇന്നലെ തന്നെ. അനുജനെ ആശംസയറിയിക്കാൻ സോമശേഖരൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. കുടുംബാംഗങ്ങൾ പലരും മാറിമാറി വിളിച്ചിട്ടും മറുപടിയുണ്ടായില്ല. ആശംസകൾ എത്താത്ത ലോകത്തേക്കു മധുസൂദനനും ഭാര്യയും മകനും പോയിക്കഴിഞ്ഞിരുന്നുവെന്ന് അവർ അറിഞ്ഞില്ല.

നവിമുംബൈയിൽനിന്നു ഗോവയിലേക്കു വിനോദയാത്ര പോകുകയായിരുന്നു മധുസൂദനൻ നായരും കുടുംബവും അദ്ദേഹത്തിന്റെ സുഹൃത്ത് സാജനും കുടുംബവും. ഇവർ സഞ്ചരിച്ച വാഹനം വറ്റിയ നദിയിൽ വീണ് പിഞ്ചുകുഞ്ഞടക്കം 2 കുടുംബങ്ങളിലെയും 5 പേർ മരിച്ചു. 8 പേർക്കു പരുക്കേറ്റു.

നവിമുംബൈ വാശി സെക്ടർ 16ൽ താമസിക്കുന്ന തൃശൂർ പുല്ലഴി കാരേക്കാട്ട് മധുസൂദനൻ നായർ (54), ഭാര്യ ഉഷ (ഉമ- 44), മകൻ ആദിത്യ നായർ (21), കുടുംബസുഹൃത്ത് എറണാകുളം സ്വദേശി സാജൻ നായർ (35), മകൻ ആരവ് നായർ (3) എന്നിവരാണു മരിച്ചത്. മധുസൂദനന്റെ മകൾ അർച്ചന (15) ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

മധുസൂദനൻ നായരുടെ കുടുംബവീട് പുല്ലഴിയിലെ വടക്കുമുറിയിലാണ്. സഹോദരി സരസ്വതിയാണ് ഇവിടെ താമസം. അപകടത്തിനു തലേന്നു മധുസൂദനനും കുടുംബവും സരസ്വതിയെയും മറ്റു ബന്ധുക്കളെയും ഫോണിൽ വിളിച്ചു. ഇതിനു മുന്നോടിയായി എല്ലാവരുമൊന്നിച്ചു ഗോവയിലേക്കു ദീപാവലി നാളിൽ വിനോദയാത്ര പോവുകയാണെന്നും അറിയിച്ചു. മധുസൂദനന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതു തൽസമയം വിഡിയോ കോളിലൂടെ ബന്ധുക്കളെ കാണിക്കുകയും ചെയ്തു.

തങ്ങളടക്കം 13 പേരാണ് യാത്രയിലുള്ളതെന്നു ബന്ധുക്കളോട് പറഞ്ഞിരുന്നു. തന്റെ പിറന്നാളും അനുജന്റെ പിറന്നാളും ഒരേ ദിവസമായതിനാൽ എല്ലാവർഷവും സോമശേഖരൻ മധുസൂദനനെ ഫോണിൽ വിളിച്ച് ആശംസ അറിയിക്കുന്നതു പതിവാണ്.

ഇന്നലെ വിളിച്ചപ്പോൾ മധുസൂദനൻ അടക്കം കുടുംബാംഗങ്ങളുടെയെല്ലാം ഫോൺ പ്രവർത്തന രഹിതമാണെന്നാണ് കേട്ടത്. അപകടവിവരം അറിയ‍ാതെ മറ്റു പല ബന്ധുക്കളും വിളിച്ചിരുന്നു. ഒടുവിൽ മുംബൈയിൽനിന്നു പൊലീസ് വിളിച്ചപ്പോഴാണ് അപകടം നടന്നകാര്യം അറിഞ്ഞത്.