രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ മേല്‍ക്കൂരയില്‍ അജ്ഞാതമായ രണ്ട് ബാഗുകള്‍; തുറന്നപ്പോള്‍ നിറയെ നോട്ടുകെട്ടുകള്‍

 രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ മേല്‍ക്കൂരയില്‍ അജ്ഞാതമായ രണ്ട് ബാഗുകള്‍; തുറന്നപ്പോള്‍ നിറയെ നോട്ടുകെട്ടുകള്‍

ലഖ്‌നൗ: രാവിലെ വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ പരിചയമില്ലാത്ത രണ്ട് ബാഗുകള്‍ കണ്ട ഗൃഹനാഥന്‍ തുറന്ന് നോക്കിയപ്പോള്‍ നിറയെ നോട്ടുകെട്ടുകള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. മീററ്റിന് സമീപമുള്ള ഒരു വ്യാപാരിയുടെ വീട്ടില്‍ നിന്നാണ് രണ്ട് ബാഗ് നിറയെ പണം കണ്ടെടുത്തത്.

നിറയെ പണമുള്ള രണ്ട് ബാഗുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഇന്ന് രാവിലെയാണ് തനിക്ക് കിട്ടിയതെന്ന് ഗൃഹനാഥന്‍ പറഞ്ഞു. മോഷ്ടിച്ച മുതലാണെന്ന് മനസിലായതിനാല്‍ അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചു വരുത്തി. കള്ളന്‍ രക്ഷപ്പെടുന്നതിനിടെ ഇവിടെ കൊണ്ടുവച്ചതായിരിക്കാം ബാഗ്. പിന്നീട് വന്ന് എടുക്കാമെന്ന് കരുതിയാവും ഇവിടെ വച്ച് പോയതെന്നും ഗൃഹനാഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മീററ്റില്‍ 40 ലക്ഷം രൂപ മോഷണം പോയതായി പരാതിയുണ്ടായിരുന്നു. മീററ്റിലെ മിഷന്‍ കോംപൗണ്ടിലും ഒരു വ്യാപാരിയുടെ വീട്ടിലും മോഷണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് പിന്നാലെയാണ് പണം ലഭിച്ചത് എന്നതും പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു.

പൊലീസ് എത്തി വിശദമായി അന്വേഷിച്ചതിന് പിന്നാലെ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മനസിലായി. വ്യാപാരിയുടെ വീട്ടിലെ ജോലിക്കാരനായ രാജു നേപാളി എന്നയാളാണ് പണം മോഷ്ടിച്ച് ബാഗ് മേല്‍ക്കൂരയില്‍ ഒളിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇയാളെ സഹായിച്ച ഒരു സെക്യൂരിറ്റി ജീവനക്കാരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.