ബെറ്റുണ്ടോ? പൂഞ്ഞാറില്‍ ആരൊക്കെ തർക്കിച്ചാലും നിഷ മാത്രമെ ജയിക്കൂ, കാരണം ഇതാണ്

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര പന്ത്രണ്ടാം വാർഡ് കേരളമാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇവിടെ നിഷയെന്ന വനിത മാത്രമേ വിജയിക്കൂ . കാരണം ഇവിടത്തെ സ്ഥാനാർഥികളെല്ലാം നിഷ തന്നെയാണ്.
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. മൂന്ന് മുന്നണികളും സ്ഥാനാർഥികളെ അന്വേഷിച്ചപ്പോൾ കിട്ടിയത് ‘നിഷ’മാരെ തന്നെയാണ്. ആദ്യം പാർട്ടിക്കാർക്ക് ഈ പേരിലെ കൗതുകം മനസിലായില്ലെങ്കിലും സോഷ്യൽമീഡിയയിലെ പ്രചാരണം കൊഴുത്തപ്പോഴാണ് സ്ഥാനാർഥികളെല്ലാം നിഷമാരായ കാര്യം എല്ലാവരും ശ്രദ്ധിച്ചത്.
കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിലെ നിഷാ ഷാജി മത്സരിക്കുന്നു. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ നിഷാ സാനുവാണ് ജനവിധി തേടുന്നത്. ബിജെപി സ്ഥാനാർഥിയായി താമര അടയാളത്തിൽ നിഷാ വിജിമോനാണ് മത്സരിക്കുന്നത്. നിഷ ത്രയങ്ങളുടെ പ്രചാരണവും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.
വാർഡിൽ ആളുകൾ കൂടുന്നിടത്തെല്ലാം ഇന്ന് ‘നിഷാ’ വിശേഷമാണ് ചർച്ച. ആരൊക്കെ തർക്കിച്ചാലും ഒരു കാര്യം ഉറപ്പിക്കാം. പൂഞ്ഞാർ പഞ്ചായത്തിലെ ഈ പന്ത്രണ്ടാം വാർഡിൽ നിഷയെ വിജയിക്കൂ. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിഷമാരിൽ ആരാകും പഞ്ചായത്തിലെത്തുക എന്ന കാത്തിരിപ്പിലാണ് പന്ത്രണ്ടാം വാർഡുകാർ.
നിഷ എന്ന പേര് കേട്ടാൽ പൂഞ്ഞാറുകാർക്ക് ആദ്യം ഓർമ വരിക നിഷ ജോസ് കെ മാണിയെ ആണ്. എന്നാൽ പൂഞ്ഞാറുകാർ ഇപ്പോൾ ചർച്ച ചെയ്യുന്നതാകട്ടെ 12ാവാർഡിലെ നിഷമാരെ കുറിച്ചും.