വനിതാ തടവുകാരെ മറ്റുള്ളവർ കാണും വിധം വിവസ്ത്രരാക്കി, തടവുകാരുടെ മുന്നിൽ മദ്യപിച്ചു; മർദനത്തിന്റെ ഇടവേളയിൽ ഷെമീറിനെ ജയിൽ ജീവനക്കാർ കൊണ്ടുവന്ന അതേ ജനറൽ ആശുപത്രി; അന്നു ഷെമീറായിരുന്നു പ്രതി, ഇന്ന് പ്രതികളായി അന്നത്തെ ജയില്‍ ജീവനക്കാരും

തൃശൂർ: തൃശൂർ കസ്റ്റഡി കൊലപാതകക്കേസിൽ പ്രതികളായ ഇവരെ റിമാൻഡ് ചെയ്ത് എത്തിച്ചത് ഷെമീറിനെ എത്തിച്ചതുപോലെ ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക്. ഒരു മാസം മുൻപ് ഷെമീറിനെ ജയിൽ ജീവനക്കാർ കൊണ്ടുവന്ന അതേ ജനറൽ ആശുപത്രി. അന്നു ഷെമീറായിരുന്നു പ്രതി.
കയ്യിൽ വിലങ്ങ്. അന്നത്തെ ജയിൽ ജീവനക്കാർ ഇന്നലെ അതേ ആശുപത്രി മുറ്റത്ത് വന്നിറങ്ങി; പ്രതികളായി. മുഖം കറുത്ത തുണികൊണ്ടു മൂടി പൊലീസുകാരുടെ വലയിൽപ്പെട്ടുള്ള വരവ്.
തീർന്നില്ല, അമ്പിളിക്കല കോവിഡ് കേന്ദ്രം അടച്ച് നിരീക്ഷണകേന്ദ്രം ഡിജിപി മാറ്റിയില്ലായിരുന്നെങ്കിൽ ഇപ്പോൾ, ഷെമീറിനെ മർദിച്ച അതേ അമ്പിളിക്കലയിലാകുമായിരുന്നു ഇവരുടെ വാസം.
ജയിലിനു പുറത്ത് കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ ഡ്യൂട്ടി കിട്ടിയപ്പോൾ ലഭിച്ച സർവസ്വാതന്ത്ര്യമാണ് ജയിൽ ജീവനക്കാർ ദുരുപയോഗിച്ചത്. ഷെമീറിനെ റിമാൻഡ് ചെയ്തു കൈമാറുമ്പോൾ അപസ്മാര രോഗിയാണെന്നും മർദിക്കരുതെന്നും പൊലീസ് പറഞ്ഞതുപോലും അവർക്ക് ഇഷ്ടപ്പെട്ടില്ല. നീ ശുപാർശ ചെയ്യിക്കുമല്ലേ എന്നു ചോദിച്ചു മർദിച്ചു. രോഗിയാണെന്നു പറഞ്ഞപ്പോൾ ‘രോഗം മാറ്റിത്തരാം’
എന്നു പറഞ്ഞു മർദനം തുടർന്നു. രാത്രി വൈകി ഷെമീറിനോട് കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു കേട്ടെന്നു ഭാര്യ സുമയ്യ മൊഴി നൽകിയിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീഴ്ചയിലുണ്ടായ പരുക്കെന്നു വരുത്തിത്തീർക്കാനായിരുന്നു ഇതെന്നാണ് ആരോപണം.
എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ സിറ്റി പൊലീസും എസ്പി കെ.എസ്. സുദർശൻ, ഡിവൈഎസ്പി സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്.