കുത്തനെയുള്ള ഇറക്കമിറങ്ങി മരണവുമായി ‘വില്ല’നെത്തി; മോനിപ്പള്ളിയെ ഞെട്ടിച്ച അപകടത്തില്‍ അച്ഛനും മകനും യാത്രയായത് മകള്‍ മരിച്ച് ഒരു വര്‍ഷം തികയും മുമ്പെ

മോനിപ്പള്ളി: മോനിപ്പള്ളിയെ ഞെട്ടിച്ച അപകടത്തില്‍ അച്ഛനും മകനും യാത്രയായത് മകള്‍ മരിച്ച് ഒരു വര്‍ഷം തികയും മുമ്പെ . ആശുപത്രിയിൽ നിന്നു വീട്ടിലേക്കുള്ള യാത്രക്കിടെയാണ്
ഇലഞ്ഞി ആലപുരം കോലടിയിൽ രാജീവ് (50), മകൻ മിഥുൻ (21) എന്നിവർ ഇന്നലെ രാവിലെ 11.30ന് മോനിപ്പള്ളി ടൗണിലുണ്ടായ അപകടത്തിൽ മരിച്ചത്.
സംസ്കാരം ഇന്നു വീട്ടുവളപ്പിൽ. തടിപ്പണി ചെയ്യുന്നതിനിടെ രാജീവിന്റെ കൈയിൽ മുറിവേറ്റിരുന്നു. മോനിപ്പള്ളി എംയുഎം ആശുപത്രിയിൽ എത്തി മുറിവ് ഡ്രസ് ചെയ്ത ശേഷം മകൻ മിഥുന് ഒപ്പം ആലപുരം ഭാഗത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. മിഥുനാണ് ബൈക്ക് ഓടിച്ചിരുന്നത്.
ബൈക്ക് എംസി റോഡിൽ നിന്നു ഇലഞ്ഞി റോഡിലേക്കു തിരിയുന്നതിനിടെയായിരുന്നു അപകടം. പൂഴിമണ്ണ് കയറ്റിയ ലോറി കൂത്താട്ടുകുളം ഭാഗത്തു നിന്നു കുത്തനെയുള്ള ഇറക്കം ഇറങ്ങി വേഗത്തിൽ വന്ന് ബൈക്കിൽ ഇടിച്ചെന്ന് പൊലീസ് പറയുന്നു.മരണവുമായി പാഞ്ഞെത്തിയ ആ ലോറിയുടെ പേരാകട്ടെ വില്ലനെന്നും.
ലോറി ഡ്രൈവർ ഓടിക്കളഞ്ഞു. അപകടത്തെ തുടർന്ന് എംസി റോഡിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കുറവിലങ്ങാട് എസ്എച്ച്ഒ കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. പാലാ ഗവ പോളിടെക്നിക് വിദ്യാർഥിയാണ് മിഥുൻ. കൂത്താട്ടുകുളം തോട്ടുങ്കൽ നിമ്മിയാണ് രാജീവിന്റെ ഭാര്യ. മകൾ: പരേതയായ അഞ്ജിത.