മരണം മാത്രമാണ് ഇനി മുന്നിലെന്ന് തീരുമാനിച്ച് വിഷമിച്ചു നടക്കുമ്പോഴാണ് ചോറ്റാനിക്കരയില്‍ പോയി തൊഴുതു വരാന്‍ ഗുരു നിര്‍ദേശിക്കുന്നത്; പിന്നെ ഒന്നും നോക്കിയില്ല, ചോറ്റാനിക്കര അമ്മയെ കണ്ട് തൊഴുത് സങ്കടം പറഞ്ഞു, പിന്നീട് നടന്നത് അദ്ഭുതകരമായ വളര്‍ച്ച; പുതുജീവന്‍ നല്‍കിയ അമ്മയ്ക്ക് ബംഗളൂരുവിലെ വ്യവസായിയുടെ സമ്മാനം 526 കോടി രൂപ !

കൊച്ചി: ‘‘അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല’’ – സാമ്പത്തിക നഷ്ടത്തിൽ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാൻ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കിൽ അങ്ങനെയെന്നു തീരുമാനിച്ചാണ് ആദ്യമായി ബെംഗളൂരുവിൽ നിന്ന് ഗണശ്രാവൺ (46) കൊച്ചിയിലേയ്ക്ക് പുറപ്പെട്ടത്.
ചോറ്റാനിക്കരയിലെത്തി ആദ്യ ദേവീദർശനത്തിൽ തന്നെ ജീവിതത്തിന്റെ പ്രകാശം മുന്നിൽ തെളിഞ്ഞു. പിന്നെ എല്ലാ പൗർണമിയിലും അമ്മയെ തേടിയെത്തി. ആ അനുഗ്രഹത്തിൽ ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി 300 കോടി നൽകാൻ തീരുമാനിക്കുന്നത്. പിന്നീട് ക്ഷേത്രത്തിനു നൽകാമെന്നറിയിച്ച തുക അഞ്ഞൂറു കോടിയിലേറെയാക്കി (526 കോടി രൂപ) ഉയർത്താൻ തീരുമാനിച്ചു. ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം.
മരണം മാത്രമാണ് ഇനി മുന്നിലെന്ന് തീരുമാനിച്ച് വിഷമിച്ചു നടക്കുമ്പോഴാണ് തന്റെ ഗുരുവിനോട് കാര്യങ്ങൾ തുറന്നു പറയുന്നത്. അദ്ദേഹമാണ് ചോറ്റാനിക്കരയിൽ പോയി അമ്മയെ തൊഴുത് ഒന്നു പ്രാർഥിച്ചു വരൂ എന്ന് ഉപദേശിച്ചത്. അത് ജീവിതത്തിൽ വഴിത്തിരിവായെന്നു മാത്രമല്ല, ഉയർച്ചയുടെ പടവുകൾ മുന്നിൽ തെളിഞ്ഞു വന്നു. ബിസിനസ് കോടികളിൽ നിന്നു ശതകോടികളിലേയ്ക്കും അതിനു മുകളിലേയ്ക്കും ഉയർന്നു. ഇപ്പോൾ ഇന്ത്യയിലെ ഒരു മുൻനിര വജ്രാഭരണ കയറ്റുമതി കമ്പനി ഉടമയാണ് ഗണശ്രാവൺ.
ഒരു വർഷത്തോളമായി ക്ഷേത്ര വികസന പദ്ധതി ദേവസ്വം അധികൃതർക്കു മുന്നിൽ ഗണശ്രാവൺ അവതരിപ്പിച്ചിട്ട്. എല്ലാ മാസവും പൗർണമി നാളിൽ ദർശനത്തിനെത്തുന്ന ഗണ ശ്രാവൺ കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ സന്നദ്ധതയുമായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. ക്ഷേത്ര ഭാരവാഹികൾ കൊച്ചിൻ ദേവസ്വം ബോർഡിനെ വിവരം അറിയിച്ചു.
ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിർമാണം തുടങ്ങാനാണു ബോർഡ് തീരുമാനം.
5 വർഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂർത്തിയാക്കും. 18 പ്രോജക്ടായി തിരിച്ചാണു നിർമാണം നടത്തുക. ഒന്നാം ഘട്ടത്തിൽ ശിൽപചാരുതയോടെ 2 ഗോപുരങ്ങളുടെ നിർമാണം ഉൾപ്പെടെ 8 പദ്ധതികൾക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 10 പദ്ധതികൾക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.
ഘട്ടങ്ങളായി പണം അക്കൗണ്ടിലേയ്ക്ക് കൈമാറിക്കൊണ്ടായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടത്തുക. കമ്പനി നേരിട്ട് നിർമാണം നടത്തി ക്ഷേത്ര സമിതിക്ക് കൈമാറുന്നതിനാണ് തീരുമാനമെന്ന് ആർകിടെക്ട് ബി.ആർ. അജിത് പറഞ്ഞു.
ഒരു വർഷമായി പദ്ധതിയുടെ ചർച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. പിതാവ് രോഗക്കിടക്കയിൽ ആയതിനാൽ അതിന്റെ തിരക്കിലാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു സാധിക്കില്ലെന്ന നിലപാടിലാണ് ഗണശ്രാവൺ.