കുളിച്ച് ക്ഷേത്രക്കുളത്തിന്റെ പടി കയറി, അറിയാതെ അണലിയെ ചവിട്ടി; വൈക്കം മേല്‍ശാന്തിക്ക് അദ്ഭുതകരമായ രക്ഷപെടല്‍

 കുളിച്ച് ക്ഷേത്രക്കുളത്തിന്റെ പടി കയറി, അറിയാതെ അണലിയെ ചവിട്ടി; വൈക്കം മേല്‍ശാന്തിക്ക് അദ്ഭുതകരമായ രക്ഷപെടല്‍

വൈക്കം : വൈക്കം ക്ഷേത്രത്തിന്റെ നട തുറക്കാൻ പോകവേ, വിഷപ്പാമ്പിനെ ചവിട്ടിയ മേൽശാന്തി അദ്‌ഭുതകരമായി രക്ഷപ്പെട്ടു. വൈക്കം മേൽശാന്തി ഡി ശ്രീധരൻ നമ്പൂതിരിയാണ് അണലി പാമ്പില്‍ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ടത്.പൊലീസും വനപാലകരുമെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.

വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് സംഭവം. ക്ഷേത്രനട തുറക്കാൻ കുളിച്ച് ഈറനായി കിഴക്കേ ക്ഷേത്രക്കുളത്തിന്റെ പടികയറി വരുമ്പോഴാണ് അദ്ദേഹം പാമ്പിനെ ചവിട്ടിയത്. ലൈറ്റ് തെളിച്ചപ്പോൾ പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ടു.

എസ്ഐ  ബാബു ജോസഫിന്റെ നേതൃത്വത്തിൽ പൊലീസുകാർ പെട്ടെന്ന് ക്ഷേത്രത്തിലെത്തി. ഈ സമയം തെക്കേപ്പുരയിലെ തിണ്ണയിലെ പലകയുടെ അടിയിലേക്ക് പാമ്പ് കയറി. ഒരു മണിക്കൂറിനുള്ളിൽ കോട്ടയം വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി അണലിയാണെന്ന് തിരിച്ചറിഞ്ഞു. അഞ്ചടി നീളവും രണ്ടരക്കിലോയിലധികം തൂക്കവുമുണ്ട്.