ഏതു വിഷപ്പാമ്പുകളേയും വരുതിയിലാക്കാന്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും കഠിനപ്രയത്നത്തില്‍; പരിശീലനം നല്‍കി വനംവകുപ്പ്

 ഏതു വിഷപ്പാമ്പുകളേയും വരുതിയിലാക്കാന്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും കഠിനപ്രയത്നത്തില്‍; പരിശീലനം നല്‍കി വനംവകുപ്പ്

മലപ്പുറം : പാമ്പുകളെ പിടിക്കാനുളള ശാസ്ത്രീയ പരിശീലനത്തിന്റെ തിരക്കിലാണ് മലപ്പുറത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍. ഏതു വിഷപ്പാമ്പുകളേയും വരുതിയിലാക്കാന്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും കഠിനപ്രയത്നത്തിലാണ്.

പാമ്പു പിടുത്തത്തെ കുറിച്ചുളള 3 മണിക്കൂര്‍ നീണ്ട തിയറി ക്ലാസിനു ശേഷമാണ് പ്രാക്ടിക്കലിലേക്ക് കടന്നത്. കഴിയുന്നത്ര പാമ്പുകളെ കൈകൊണ്ട് ദേഹത്തു സ്പര്‍ശിക്കാതെ കൈയ്യടക്കോടെ എങ്ങനെ പിടിക്കാമെന്നാണ് പരിശീലനം.

പരിശീലനത്തിനു വന്നവരുടെ പരിചയ സമ്പത്ത് കേട്ടറിഞ്ഞതോടെ വനിതകള്‍ ആദ്യമൊന്ന് പിറകിലേക്ക് നിന്നെങ്കിലും പിന്നാലെ പാമ്പുകള്‍ക്കൊപ്പം കാഴ്ചക്കാരേയും കൈപ്പിടിയിലാക്കി.

നേരത്തെ പാമ്പുകളെ പിടിച്ചു പരിചയമുളളവരാണ് എല്ലാവരും. മലപ്പുറത്ത് 2 സ്ത്രീകളടക്കം 116 പേരാണ് 20 പേര്‍ വീതമുളള ബാച്ചുകളായി പരിശീലനം നേടുന്നത്. സര്‍പ്പങ്ങളെ പിടിക്കാനുളള വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. സേവനം സൗജന്യമാണ്.

പിടിക്കുന്ന പാമ്പുകളെ പ്രദര്‍ശിപ്പിക്കുകയോ ദുരൂപയോഗം ചെയ്യുകയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയാണ് ഒാരോരുത്തര്‍ക്കും പാമ്പു പിടിക്കാനുളള ഒൗദ്യോഗിക അനുമതി നല്‍കുന്നത്.