‘ഞങ്ങളെ എന്തു വേണമെങ്കിലും പറഞ്ഞോളൂ; ആക്രമണങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും എല്ലാം സഹിച്ചും അതിജീവിച്ചും തന്നെയാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്; ‘പാവം ഞങ്ങളുടെ അമ്മ എന്തു പിഴച്ചു, അവരുടെ പ്രായത്തെ എങ്കിലും മാനിക്കേണ്ടേ’; അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് നേരെ അശ്ലീല കമന്‍റ്; നികേഷ് പ്രതികരിക്കുന്നു

 ‘ഞങ്ങളെ എന്തു വേണമെങ്കിലും പറഞ്ഞോളൂ; ആക്രമണങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും എല്ലാം സഹിച്ചും അതിജീവിച്ചും തന്നെയാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്; ‘പാവം ഞങ്ങളുടെ അമ്മ എന്തു പിഴച്ചു, അവരുടെ പ്രായത്തെ എങ്കിലും മാനിക്കേണ്ടേ’; അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് നേരെ അശ്ലീല കമന്‍റ്; നികേഷ് പ്രതികരിക്കുന്നു

കേരളത്തിലെ ആദ്യ ആണ്‍ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധേയരായ സോനുവും നികേഷും സോഷ്യല്‍ മീഡിയക്കും സുപരിചിതരാണ്. സൈബര്‍ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഏറെ ഏറ്റുവാങ്ങിയപ്പോഴും അതിനെയെല്ലാം താണ്ടിയാണ് അവര്‍ ജീവിതത്തില്‍ ഒരുമിച്ചു. സ്വന്തം സ്വത്വത്തിന് വേണ്ടി അവസാന നിമിഷം വരെയും പോരാടിയ നികേഷ് സോനുവിന്റെ കൈപിടിച്ചപ്പോഴും തുടര്‍ന്നു പരിഹാസങ്ങള്‍. പക്ഷേ, ഇരുവരും വ്യക്തിത്വത്തില്‍ ഉറച്ചു നിന്നു. തങ്ങളുടെ ജീവിതം തങ്ങളുടേത് മാത്രമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.

ഇരുവരും അമ്മയ്‌ക്കൊപ്പം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റാണ് മര്യാദകളുടെ സകല സീമകളും ലംഘിച്ചിരിക്കുന്നത്. പ്രായമായ സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ കേട്ടാലറയ്ക്കുന്ന കമന്റാണ് ജസ്റ്റിന്‍ ജോണി എന്ന വ്യക്തി ഇരുവരുടേയും ചിത്രത്തിന് താഴെ കുറിച്ചത്. സഹികെട്ട് ശക്തമായി പ്രതികരിച്ചപ്പോഴും ചീത്ത വിളികളും പരിഹാസങ്ങളും ഏറി.

‘ഞങ്ങളെ എന്തു വേണമെങ്കിലും പറഞ്ഞോളൂ. ആക്രമണങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും എല്ലാം സഹിച്ചും അതിജീവിച്ചും തന്നെയാണ് ഞങ്ങള്‍ ഇവിടെ വരെ എത്തിയത്. പക്ഷേ 65 വയസുള്ള ഞങ്ങളുടെ അമ്മ എന്തു പിഴച്ചു. അവരൊരു പ്രായമായ സ്ത്രീയല്ലേ… അതെങ്കിലും മാനിക്കേണ്ടേ?’-രോഷവും സങ്കടവും സമം ചേരുന്ന വാക്കുകളോടെയാണ് നികേഷ് പറഞ്ഞു തുടങ്ങിയത്.

ഞങ്ങളുടെ അമ്മയല്ലേ…

അമ്മ ഗുരുവായൂരാണ് താമസിക്കുന്നത്. ഇടയ്ക്ക് കൊച്ചിയിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്ന് താമസിക്കാറുണ്ട്. അങ്ങനെ വന്നപ്പോള്‍ എടുത്ത ഫോട്ടോയാണത്. വളരെ സന്തോഷത്തോടെയും സനേഹത്തോടെയും പകര്‍ത്തി പങ്കുവച്ച ചിത്രമായിരുന്നു അത്. ചിത്രത്തിന് താഴെ സ്‌നേഹം പങ്കിട്ട് ഞങ്ങളുടെ നിരവധി സുഹൃത്തുക്കളുമെത്തി. കൂട്ടത്തിലാണ് ജസ്റ്റിന്‍ ജോണി എന്ന പ്രൊഫൈലുള്ള വ്യക്തിയും എത്തിയത്.

അയാള്‍ ഞങ്ങളെ എന്തെങ്കിലും പറഞ്ഞോ എന്നതല്ല വിഷയം. പറഞ്ഞതും ചീത്തവിളിച്ചതും ഞങ്ങളുടെ പാവം അമ്മയെയാണ്. അയാള്‍ കമന്റ് ബോക്‌സില്‍ പറഞ്ഞ കാര്യം പുറത്തു പറയാന്‍ പോലും അറപ്പു തോന്നുന്നു. അത്രയ്ക്ക് നീചമായ വാക്കുകള്‍.- നികേഷിന്‍റെ വാക്കുകളില്‍ രോഷം.

കമന്റ് കണ്ടപാടെ ഞങ്ങളുടെ ഒരുപാട് സുഹൃത്തുക്കള്‍ അയാള്‍ക്ക് മറുപടി നല്‍കിയിരുന്നു. അപ്പോഴും പൂര്‍വാധികം ശക്തിയോടെ ചീത്ത വിളികള്‍ തുടരുകയാണ് ചെയ്തത്. മാത്രമല്ല, പലരുടേയും പേഴ്‌സണല്‍ മെസഞ്ചറിലേക്ക് കടന്നുചെന്നും ചീത്തവിളി തുടര്‍ന്നു. ഞങ്ങള്‍ക്കു നേരെ വരുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും ചീത്തവിളികളുമൊക്കെ പലഘട്ടങ്ങളിലും നേരിട്ടുണ്ട്.

അതില്‍ പലതും ഫേക്ക് പ്രൊഫൈലുകളില്‍ നിന്നായിരുന്നു. പക്ഷേ ഇതങ്ങനെയാണോ? ഞങ്ങളുടെ അമ്മയ്ക്കു നേരെയല്ലേ ആ ആഭാസന്റെ ആക്രമണം. അവരുടെ പ്രായത്തെ എങ്കിലും മാനിക്കേണ്ടേ? പാവം അവര്‍ എന്തുപിഴച്ചു.

എന്തായാലും വിഷയം ചൂണ്ടിക്കാട്ടി കാക്കനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. – നികേഷ് പറഞ്ഞു നിര്‍ത്തി.