പ്രസവവേദനയിൽ പിടഞ്ഞ യുവതിയെ കണ്ടില്ലെന്നു നടിച്ച് വാഹനങ്ങൾ; കാറിൽ പ്രസവിച്ചു, ആശുപത്രിയിൽ എത്തിച്ച് യുവാക്കൾ

ചവറ : പ്രസവ വേദനയിൽ പിടഞ്ഞ യുവതിയെ സഹായിക്കാൻ ഒരു വാഹനവും നിർത്തിയില്ല; ഒടുവിൽ കിട്ടിയ കാറിൽ ആശുപത്രിയിലേക്കു പാഞ്ഞെങ്കിലും വഴിമധ്യേ പ്രസവിച്ചു. ചവറ സ്വദേശിനിയാണു കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കാറിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്.
ഇന്നലെ വൈകിട്ടാണു സംഭവം. വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു പോയ യുവതിയുടെ സ്ഥിതി ശക്തികുളങ്ങരയ്ക്കു സമീപത്തു വച്ചു വഷളായി. തുടർന്ന് ഓട്ടോ നിർത്തി സഹായത്തിനായി മറ്റു വാഹനങ്ങൾക്കു ഡ്രൈവർ കൈ കാട്ടിയെങ്കിലും ആരും നിർത്തിയില്ല. ഏറെനേരത്തിനുശേഷം ക്ലാപ്പന സ്വദേശി കമാൽ ആർ. ദേവും സുഹൃത്തുക്കളും വന്ന കാറിലാണു യുവതിയെ കയറ്റിയത്.
കാറിൽ വച്ചുതന്നെ കുഞ്ഞ് പിറന്നു. തുടർന്ന്, ആശുപത്രിയിലെത്തിച്ചു ഡോക്ടർമാരെത്തി പൊക്കിൾക്കൊടി വേർപെടുത്തിയശേഷം അമ്മയെയും കുഞ്ഞിനെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യുവാക്കളുടെ സംഘം യുവതിക്ക് ആവശ്യമായ രക്തവും നൽകിയ ശേഷമാണു മടങ്ങിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.