വിധിയുടെ നൂല്‍പ്പാലത്തിലാണ് ചങ്കുകളേ, ഒന്നുകില്‍ എന്നെയും കൊണ്ട് പോകും, അല്ലെങ്കില്‍ തിരികെ വരും; നന്ദുവിന് നിര്‍ണായക സ്‌കാനിങ്

 വിധിയുടെ നൂല്‍പ്പാലത്തിലാണ് ചങ്കുകളേ, ഒന്നുകില്‍ എന്നെയും കൊണ്ട് പോകും, അല്ലെങ്കില്‍ തിരികെ വരും; നന്ദുവിന് നിര്‍ണായക സ്‌കാനിങ്

നിര്‍ണായകമായ സ്‌കാനിങ്ങിനു പോകും മുമ്പ് സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് നന്ദു മഹാദേവ. അതികഠിനമായ സഹനങ്ങളിലൂടെ കടന്നു പോകുകയാണ് താനെന്നും ഏവരുടേയും പ്രാര്‍ത്ഥനയുണ്ടാകണമെന്നും നന്ദു കുറിക്കുന്നു.

ഒന്നുകില്‍ അത് എന്നെയും കൊണ്ടുപോകും.. അല്ലെങ്കില്‍ അതിനെ മലര്‍ത്തിയടിച്ചു ജീവിതത്തിലേക്ക് ഞാന്‍ തിരികെ വരുമെന്നും എപ്പോഴത്തേയും പോലെ ആത്മവിശ്വാസത്തോടെ നന്ദു പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

നാളെ സ്കാനിംഗ് ആണ്..!

നിർണ്ണായകമാണ്…!!

അതികഠിനമായ സഹനങ്ങളിലൂടെ കടന്നു പോകുകയാണ്….!!

ഒന്നുകിൽ അത് എന്നെയും കൊണ്ടുപോകും..

അല്ലെങ്കിൽ അതിനെ മലർത്തിയടിച്ചു ജീവിതത്തിലേക്ക് ഞാൻ തിരികെ വരും..

എന്തായാലും പോണത് വരെ ഇതുപോലെ ടോപ്പ് ഗിയറിൽ തന്നെ നമ്മൾ പോകും…!!

എന്റെ ഇതുവരെയുള്ള ജീവിതം സത്യത്തിൽ കടുക് പൊട്ടിത്തെറിച്ചത് പോലെയുള്ളതായിരുന്നു..

പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിന് മുൻപ് അതെന്നെ അങ്ങോട്ടും ഇങ്ങോട്ടും എടുത്തെറിഞ്ഞു..

ഞാൻ എവിടെയൊക്കെയോ പോയി വീണു…

ഉടലും ഉയിരും തമ്മിൽ പലവട്ടം വേർപെടാൻ ശ്രമിച്ചപ്പോഴും ഞാൻ വിട്ടു കൊടുത്തിട്ടില്ല…ഇനി വിട്ടുകൊടുക്കുകയും ഇല്ല…

ഇത്തരം തീഷ്ണമായ അനുഭവങ്ങൾ ജീവിതത്തെ മറ്റൊരു തലത്തിൽ കാണാൻ ഈയുള്ളവനെ പ്രാപ്തനാക്കുകയായിരുന്നു…

മനോഹരമായ കണ്ണുകളും ചുണ്ടും ഭംഗിയുള്ള പുരികവും തലമുടിയും താടിയും കട്ട മീശയും ഒക്കെകൂടി എന്ത് രസമായിരുന്നു…!

ഇപ്പോഴാണെങ്കിൽ മുടിയൊക്കെ പോയി ചുക്കിചുളിഞ്ഞു കറുത്ത് കരിവാളിച്ച് ഒരുരൂപം…

പക്ഷേ പഠിക്കാൻ രണ്ട് വലിയ കാര്യങ്ങളുണ്ട്…

ഒന്നാമത്തേത്..

നമ്മുടെ രൂപ ഭംഗിയിലൊന്നും ഒരിക്കലും അഹങ്കരിക്കരുത്..

നമ്മൾ ഒരാളെയും നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും ഒന്നും കളിയാക്കുകയുമരുത് അളക്കുകയുമരുത്…ഒക്കെ നഷ്ടമാവാൻ വെറും നിമിഷങ്ങൾ മതി..

രണ്ടാമത്തേത്..

നിറമോ മുടിയോ താടിയോ ഭംഗിയോ എന്തുതന്നെ കുറവുണ്ടെങ്കിലും അത് എത്ര വലിയ കുറവായാലും നമുക്ക് സന്തോഷത്തോടെ ഇരിക്കാൻ കഴിയും..

നല്ല പക്വതയുള്ള മനുഷ്യനായാൽ മതി.. സ്നേഹിക്കാൻ കഴിവുള്ള ഒരു മനസ്സുണ്ടെങ്കിൽ ഒത്തിരി മനസ്സുകളിൽ നിന്ന് നിഷ്കളങ്കമായ സ്നേഹം ഇങ്ങനെ നമ്മളിലേക്ക് ഒഴുകിയെത്തും…

ഈ ഭൂമി ഒരു കലാലയമാണ്..

പഠനം അവസാനിക്കും തോറും മധുരം കൂടിക്കൂടി വരുന്ന അതിമനോഹരമായൊരു കലാലയം…

ഇവിടത്തെ കോഴ്സ് പൂർത്തിയാകുന്നത്‌ വരെ നമ്മൾ ഓരോരുത്തരും ഇവിടെ തന്നെ ഉണ്ടാകും..

അവിടത്തെ ലാബിൽ നിന്ന് പരീക്ഷണങ്ങൾ ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന തോതിൽ വന്നു കൊണ്ടിരിക്കും…

അവയെ ആത്മവിശ്വാസത്തിന്റെ ടെസ്റ്റ് ട്യൂബിൽ ശുഭാപ്തി വിശ്വാസമെന്ന ഉൾപ്രേരകം ചേർത്തു കൃത്യമായ രാസപ്രവർത്തനം നടത്തി ശരിയായി അപഗ്രഥിച്ച് അത് സ്വജീവിതത്തിൽ പകർത്തിയാൽ മാത്രമേ നമ്മൾ ജീവിതത്തിൽ വിജയിക്കുള്ളൂ…

ഈ സ്കാനിംഗ് നിർണ്ണായകമാണ് എന്നു പറയാൻ കാരണമുണ്ട്…

ഇതുവരെ നമ്മളെടുത്ത ചികിത്സ എത്രത്തോളം ഫലപ്രദമാണ് ?

സർജറി ചെയത് പൂർണ്ണമായും ട്യൂമറിനെ ഒഴിവാക്കാൻ എന്തേലും വഴിയുണ്ടോ ?

ഇപ്പോഴത്തെ അവസ്ഥ എന്താണ്…

തുടങ്ങി എന്റെ മുന്നോട്ടുള്ള ജീവിതം പോലും നാളത്തെ ആ റിസൾട്ടിലാണ്…

ചങ്കുകളേ എനിക്കറിയാം ഞാനൊരു നൂൽപ്പാലത്തിലാണെന്ന്..

പക്ഷേ ഞാൻ വരും…

വിധിയുടെ വേലിയേറ്റത്തിന് മുകളിലൂടെ വിജയത്തിന്റെ പടക്കപ്പലോടിച്ച് ഞാൻ വരും…

ഇതുപോലെ ചെറുപുഞ്ചിരിയോടെ…

പ്രിയമുള്ളവരുടെ ആത്മാർത്ഥമായ പ്രാർത്ഥനകൾ എന്നിൽ നിറയ്ക്കുന്ന ഊർജ്ജം എത്രയോ വലുതാണ്….

നിങ്ങളുടെ ഉള്ളിൽ എനിക്കുള്ള സ്ഥാനവും സ്നേഹവും എത്രയാണെന്ന് എനിക്കറിയാം..

ഇത്തവണയും വേണം ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകൾ…

എന്നെ സ്നേഹിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തർക്കും ഉമ്മകൾ ഒപ്പം കേരളപ്പിറവി ആശംസകളും..

NB : ശാരീരികമായി കുറച്ചു ക്ഷീണമുള്ളതിനാൽ ചെറിയൊരു വിശ്രമം എടുക്കുകയാണ്…

ക്ഷീണമൊക്കെ മാറി ഉഷാറായി ഞാൻ വരും ഞെട്ടിക്കുന്ന നല്ലൊരു സന്തോഷവാർത്തയുമായി….