ഏറ്റുമാനൂരിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കൊലനടത്തിയ ശേഷം വിവരം ഇരിട്ടിയിലുള്ള സഹോദരനെ അറിയിച്ചു

ഏറ്റുമാനൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം ജില്ലയിലാണ് സംഭവം. കാരിത്താസ് നെടുമലക്കുന്നേല്‍ മേരി ആണ് കൊല്ലപ്പെട്ടത്. നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. ഭര്‍ത്താവ് ടോമിയാണ് സംഭവത്തിന് പിന്നിലെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. വാര്‍ക്കപ്പണിക്കാരനായ ടോമിയും മേരിയും തമ്മില്‍ കലഹം പതിവായിരുന്നു. ടോമി രാത്രി പത്തുമണിയോടെ മേരിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ഇരിട്ടിയിലുള്ള സഹോദരനെ വിവരമറിയിച്ചു. അദ്ദേഹം തെള്ളകത്തുള്ള അയല്‍വാസികളെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇവര്‍ ടോമിയുടെ വീട്ടിലെത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന മേരിയെയാണ് കണ്ടത്. അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് ഏറ്റുമാനൂര്‍ സി.ഐ. പിആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന ടോമിയെ കസ്റ്റഡിയിലെടുത്തു.
മാനസികാസ്വാസ്ഥ്യം കാണിക്കുന്ന ടോമി പോലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച സംഭവസ്ഥലത്ത് ശാസ്ത്രീയ തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കായി എത്തിക്കും.