അഞ്ജുവിനെ മരണം തട്ടിയെടുത്തത് വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും വഴി

ആലപ്പുഴ: ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു.കൊല്ലം ശൂരനാട് ആനയടി അരുണോദയത്തില്‍ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. സിപിഎം ഐ ടി ബ്രാഞ്ച് ബാംഗ്ലൂര്‍ മെമ്പറും, യങ് വര്‍ക്കേഴ്സ് കലക്റ്റീവ് മാരുതി നഗര്‍ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
പരിക്കേറ്റ പിതാവ് വാസുദേവന്‍ പിള്ള, മാതാവ് രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വിവാഹ വാര്‍ഷികത്തിനായി പെരുമ്പാവൂരിലെ ഭര്‍തൃഗൃഹത്തിലേക്കു പോകുംവഴിയായിരുന്നു ദാരുണാന്ത്യം.
ശൂരനാടുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും സഞ്ചരിച്ച കാര്‍ കന്നാലിപാലത്തിനു സമീപം എതിരെവന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം. എതിരെ വാഹനം വരുന്നത് കണ്ട്, കാര്‍ ഓടിച്ചിരുന്നയാള്‍ ബ്രേക്ക് ചവിട്ടുന്നതിനിടയില്‍ തെന്നിമാറുകയും എതിരെ വന്ന മീന്‍വണ്ടി പുറകില്‍ ഇടിക്കുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു.
കാര്‍ റോഡരികിലെ താഴ്ചയിലേക്കു തെറിച്ചുപോയി. പിന്‍സീറ്റില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു അഞ്ജു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ഉടനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ അഞ്ജു മരിക്കുകയായിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സി കഴിഞ്ഞ അഞ്ജു ഗവേഷണ വിദ്യാര്‍ഥിനിയാണ്.