ഫാസ്റ്റ് ഫുഡില്‍ “ലോക്കായി’; ഒടുവിൽ വീടിന് പുറത്തിറങ്ങാൻ ക്രെയിൻ വന്നു! ജോൺസണിന്റെ തീറ്റിക്കഥ

ബാല്യം മുതല്‍ ബ്രിട്ടീഷുകാരനായ ജേസണിനു ഭക്ഷണത്തോടായിരുന്നു പ്രണയം. അമ്മയുണ്ടാക്കി തരാറുള്ള ഭക്ഷണമായിരുന്നു കുട്ടിക്കാലത്ത് ഇഷ്ടം. പതുക്കെ അവന് തടിയനായി മാറി. എന്നാൽ, ശരീരം തടിവയ്ക്കുന്പോഴും അവനു കൂസലൊന്നുെം ഇല്ലായിരുന്നു.
ഏതു കാര്യത്തിനും മുന്നിൽ കാണും. എന്നാൽ, വളരുന്തോറും ജേസണിന്റെ രുചികള്‍ക്കും മാറ്റം സംഭവിച്ചു. അമ്മയുണ്ടാക്കി നല്‍കാറുള്ള ഭക്ഷണത്തില്‍നിന്ന് അവന് പതിയെ ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്കു കടന്നു. കൃത്രിമരുചികളോടു തോന്നിയ പ്രണയം വൈകാതെ ജേസണെ ഫാസ്റ്റ് ഫുഡിന് അടിമയാക്കി മാറ്റി.
ഫാസ്റ്റ് ഫുഡിന്റെ പ്രശ്നങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. പക്ഷേ, ഇത്ര ഭീകരമായ ഒരവസ്ഥ കേട്ടുകാണില്ല. 2014ല്‍ ഹോം ഡെലിവറി ആപ്പില്‍ അംഗമായതോടെയാണ് ജേസണിന്റെ ജീവിതം മാറിമറിയുന്നത്.
അങ്ങനെ വീട്ടിൽ വരുത്തി തീറ്റ തുടങ്ങിയതോടെ വീടിനു പുറത്തിറങ്ങാന്‍ പോലും മടിയായി. കഴിക്കുന്നതു ഒരു ലഹരിയായി മാറി. വര്‍ഷങ്ങളോളം അവന് വീടിനുള്ളിൽ തന്നെ ചെലവഴിച്ചു. ഓണ്‍ലൈനായി ഭക്ഷണം ഓർഡര്‍ ചെയ്തു കഴിക്കുകയാണു പ്രധാന വിനോദം.
ചോക്ലേറ്റ്, ചിപ്സ്, ഇറച്ചി, സാന്‍വിച്ച്, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയാണ് ജേസണിന്റെ ഇഷ്ട വിഭവങ്ങൾ. കബാബ് മാംസവും ചിപ്പുകളും, ചിലപ്പോള്‍ ചൈനീസ് ഭക്ഷണം. ശേഷം ഒരു ലിറ്റര്‍ ഓറഞ്ച് ജ്യൂസ്, ഡയറ്റ് കോക്ക്…
കൂടാതെ അതിരാവിലെ വരെ സാന്‍ഡ്വിച്ചുകളും ലഘുഭക്ഷണങ്ങളും. ഇതൊക്കെയാണ് പ്രധാനമായും ജേസണിന്റെ മെനു. ഭക്ഷണപ്രിയം അതിരുകടന്നതോടെ രാജ്യത്തെ ഏറ്റുവും വലിയ തടിയന്മാരുടെ ലിസ്റ്റില്‍ ജേസണ്‍ കയറിപ്പറ്റി. ബ്രിട്ടണിലെ ഏറ്റവും തടിച്ച ആളുകളുടെ പട്ടികയില്‍ അമ്പതാം സ്ഥാനത്താണ് ഈ മുപ്പതുകാരൻ.
“അനങ്ങാന്‍ പോലും സാധിക്കാത്ത ഒരു ഘട്ടത്തിലെത്തുന്നതു വരെ ഭക്ഷണം കഴിച്ചു. സഹായത്തിന് ആരെയും വിളിക്കാതെ താമസിക്കുന്നിടത്തു തന്നെ കിടന്നുറങ്ങുന്നതില്‍ സന്തുഷ്ടനായിരുന്നു.
കിടക്കുന്നിടത്തുനിന്ന് അനങ്ങാനാവാതെ വന്നതോടെ ജീവിതം മരണത്തിനു വേണ്ടി വിട്ടുകൊടുക്കാന്‍ വരെ തീരുമാനിച്ചു. ഹൃദയം നിലയ്ക്കാനായി കാത്തുനിന്നു. ജീവിതത്തില്‍ ഇനി ബാക്കിയില്ലെന്നു തോന്നിപ്പോയി.’ ആശുപത്രി കിടക്കയില്‍നിന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജേസണ്‍ പറഞ്ഞു.
മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങള്‍ക്കൊടുവില്‍ ഇനിയും ജീവിക്കാന്‍ ജേസണിന് ആഗ്രഹം തോന്നി. ഇതോടെ ചികിത്സയ്ക്കു പോവാന്‍ ജേസണ്‍ തീരുമാനിച്ചു.
എന്നാല്‍, പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ശരീരം. ഒടുവില്‍ സഹായത്തിനായി രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. അവർ എത്തി ആളെ കണ്ടപ്പോൾ ഞെട്ടി. ഒരു വാതിലിൽകൂടിയും പുറത്തേക്ക് ഇറക്കാനാവില്ല.
ഒരു പ്രദേശം മുഴുവന്‍ നെഞ്ചിടിപ്പോടെയായിരുന്നു അവനെ വീടിനു പുറത്തിറക്കാനുള്ള ‘ഒാപ്പറേഷൻ ജേസൺ’ കണ്ടത്. 30 രക്ഷാപ്രവര്‍ത്തകർ ഏഴു മണിക്കൂറോളമാണ് അധ്വാനിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു യുവാവ് താമസിച്ചിരുന്നത്.
അവനെ പുറത്തിറക്കാൻ കൂറ്റൻ ക്രെയിൻ കൊണ്ടുവരാൻ തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അബദ്ധത്തില്‍ ജേസണ്‍ താഴെ വീണാല്‍ സീലിംഗ് തകരുമോ എന്ന് ഭയന്നു സ്ട്രക്ചറര്‍ എന്‍ജിനിയര്‍മാര്‍ താഴത്തെ നിലയ്ക്കു താങ്ങ് നല്കി.
ജേസൺ കിടന്നിരുന്ന മുറിയുടെ ജനാല മുറിച്ചുമാറ്റി. ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ ജേസണിനെ മുറിയില്‍നിന്നു പുറത്തെത്തിച്ചു.
“അതിശയകരമായിരുന്നു അത്, കാരണം ആറു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഞാന്‍ ശുദ്ധ വായു ശ്വസിച്ചത്’ – ജേസണ്‍ പറഞ്ഞു. ക്രെയിന്‍ സ്ട്രാപ്പുകൾ ചുറ്റിയതിന്റെ വേദന കുറയ്ക്കാൻ അവര്‍ എനിക്കു കോഡീന്‍ (മയങ്ങാനുള്ള മരുന്ന്) നല്‍കിയിരുന്നു.
എങ്കിലും ആ ശുദ്ധവായുവും കുളിര്‍ക്കാറ്റും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു’.ക്രെയില്‍ ഉപയോഗിച്ചുള്ള ആ ഉയര്‍ത്തിയെടുക്കല്‍ ജേസണിന്റെ ജീവനു പോലും ഭീഷണി ഉണ്ടാക്കിയിരുന്നു. സ്ട്രാപ്പ് ശരീരത്തിൽ മുറുകി ശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
എന്നാല്‍, അതു കാര്യമാക്കേണ്ടന്നും രക്ഷാപ്രവര്‍ത്തനം തുടരാനും ജേസണ്തന്നെ രക്ഷാപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഇതു നടന്നില്ലെങ്കില്‍ മുറിയില്‍ കിടന്നായിരിക്കും തന്റെ അന്ത്യമെന്നു പറഞ്ഞാണ് അവൻ അവരെ നിർബന്ധിച്ചത്.
സൂപ്പര്‍ ഒബീസ് (പൊണ്ണത്തടിയുള്ളവര്‍) എന്നു വിശേഷിപ്പിക്കപ്പെടുന്ന ജേസണിനെ ഒരു സ്പെഷൽ ആംബുലന്‍സിലാണ് ആശുപത്രിലേക്കു മാറ്റിയത്.
അരക്കെട്ടിലും കാലുകളിലും വിട്ടുമാറാത്ത വീക്കവും നീര്‍ക്കെട്ടും ഉണ്ടാകുന്ന ലിംഫോഡെമ എന്ന രോഗത്തിനുള്ള ചികിത്സയ്ക്കാണ് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജേസണിന്റെ ജീവിതംഅഞ്ചു വര്‍ഷത്തിലേറെ നീളില്ലെന്നാണ് ആദ്യ പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഹൃദയാഘാതം സംഭവിക്കാൻ വലിയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഏക മകനെ നഷ്ടമാകുമോ എന്ന ഭീതിയിലായിരുന്നു ജേസന്റെ അമ്പത്തിരണ്ടുകാരി അമ്മ ലീസ.