നാലു വയസ്സുകാരിയായ മകള്‍ നിര്‍ത്താതെ കരഞ്ഞു, സഹികെട്ട പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; നടുക്കുന്ന സംഭവത്തില്‍ അറസ്റ്റ്

ഗാസിയാബാദ്: കരച്ചില്‍ നിര്‍ത്താന്‍ വിസമ്മതിച്ച നാല് വയസുകാരിയെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നടുക്കുന്ന സംഭവം.
സംഭവത്തില്‍ 28കാരനായ പിതാവ് വാസുദേവ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി യാത്ര ചെയ്യുമ്പോഴാണ് ഗുപ്ത പിടിയിലായത്. ഗുപ്തയുടെ സഹോദരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
സുല്‍ത്താന്‍പുര്‍ സ്വദേശിയാണ് ഓട്ടോ ഡ്രൈവറായ വാസുദേവ് ഗുപത. 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നു ഇയാള്‍. മകളുടെ കരച്ചില്‍ തടയാന്‍ കഴിയാതിരുന്ന ഗുപ്ത വ്യാഴാഴ്ച കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ മൂന്ന് വയസുള്ള മകനേയും എടുത്ത് 20 ദിവസം മുമ്പ് ഭാര്യ വീടുവിട്ടുപോവുകയായിരുന്നു. നാലുവയസുകാരിയായ മകളെ ഗുപ്തയ്‌ക്കൊപ്പം നിര്‍ത്തി. കഴിഞ്ഞ ദിവസം കുട്ടി നിര്‍ത്താതെ കരഞ്ഞു. സകല ശ്രമവും പരാജയപ്പെട്ടതോടെ ഗുപ്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.