സീനിയർ ഡോക്ടർമാർക്കും അത് കരിയറിലെ ആദ്യത്തെ അനുഭവമായിരുന്നു; ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന് പശുവിൻ്റെ വയർ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച, ഞെട്ടിത്തരിച്ച് ഡോക്ടർമാർ

ചെന്നൈ: ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞ് ഉടമ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുവന്ന പശുവിൻ്റെ വയർ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. വർഷങ്ങൾ നീണ്ട ജോലിക്കിടയിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കാഴ്ചയായിരുന്നു പല സീനിയർ ഡോക്ടർമാർക്കും അത്.
ഉടനെ തന്നെ നടത്തിയ ശസ്ത്രക്രിയയിൽ പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്ത പ്ലാസ്റ്റിക് മാലിന്യത്തിന്റെ തൂക്കം നോക്കിയപ്പോൾ 52 കിലോയ്ക്ക് മുകളിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് കൂടാതെ മറ്റു പലവിധ മനുഷ്യ നിർമ്മിത അവശിഷ്ടങ്ങളും.
കഴിഞ്ഞദിവസം തമിഴ്നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍നിന്ന് ഇത്രയധികം മാലിന്യങ്ങള്‍ നീക്കം ചെയ്തത്. പശു ഒന്നും കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഉടമ മുനിരത്നം അടുത്തുളള മൃഗാശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും എന്താണ് പ്രശ്നമെന്ന് പിടികിട്ടിയില്ല. തുടര്‍ന്ന് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.
അവിടെ നടത്തിയ എക്സ്റേ, സ്കാന്‍ പരിശോധനയിലാണ് പശുവിന്റെ വയറ്റിനുളളില്‍ അന്യവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അഞ്ചുമണിക്കൂര്‍ കൊണ്ടാണ് മാലിന്യങ്ങള്‍ മുഴുവന്‍ നീക്കംചെയ്തത്. പ്ളാസ്റ്റിക്കിന് പുറമേ റബര്‍, തുണികള്‍ എന്നിവയും ഉണ്ടായിരുന്നു.
പശുവിന്റെ ആമാശത്തിന്റെ എഴുപത്തഞ്ചുശതമാനത്തോളം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം പശുവിന്റെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.