വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തുവയസുകാരി ആദിത്യയുടെ കുടുംബത്തിന് വാവ സുരേഷിന്റെ കരുതല്‍; സ്വന്തം വീട് ഉണ്ടാക്കാന്‍ മാറ്റിവെച്ച പണത്തിന് ആദിത്യയുടെ കുടുംബത്തിന് വീട് വച്ചുനല്‍കും

 വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തുവയസുകാരി ആദിത്യയുടെ കുടുംബത്തിന് വാവ സുരേഷിന്റെ കരുതല്‍; സ്വന്തം വീട് ഉണ്ടാക്കാന്‍ മാറ്റിവെച്ച പണത്തിന് ആദിത്യയുടെ കുടുംബത്തിന് വീട് വച്ചുനല്‍കും

കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തുവയസുകാരി ആദിത്യയുടെ കുടുംബത്തിന് വേണ്ടി വാവ സുരേഷിന്റെ കരുതല്‍. തനിക്ക് വീട് നിര്‍മിക്കുന്നതിനായി  പ്രവാസി മലയാളികള്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ഈ കുടുംബത്തിനു സുരേഷ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിക്കുകയായിരുന്നു.ആദിത്യ ഈ മാസം നാലിനാണ് മരിച്ചത്.

12 ലക്ഷം രൂപ ചെലവില്‍ എല്ലാ സൗകര്യങ്ങളോടെയും നിര്‍മിക്കുന്ന വീടിന്റെ കല്ലിടലും വാവ സുരേഷ് നിര്‍വഹിച്ചു. ആദിത്യയുടെ പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിര്‍മിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനവാസ മേഖലകളിലും വീടുകളിലും എത്തുന്ന പാമ്പുകളെ പിടിച്ചു ശ്രദ്ധ നേടിയ വാവ സുരേഷ്, ചെറിയ വീട്ടിലാണ് ഇപ്പോഴും താമസം. ഇത് മനസ്സിലാക്കിയ പ്രവാസികളുടെ കൂട്ടായ്മ വാവ സുരേഷിനു വീട് നിര്‍മിക്കുന്നതിനായി പണം നല്‍കുകയായിരുന്നു. നിര്‍മാണത്തിന്റെ പ്രാഥമിക കാര്യങ്ങളിലേക്കു കടക്കുമ്പോഴാണ് ആദിത്യയുടെ മരണം.

ഇവിടെയെത്തിയ സുരേഷ്, തനിക്ക് വീട് നിര്‍മിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ചു ആദിത്യയ്ക്കു വീട് നിര്‍മിച്ചു നല്‍കുമെന്നു അറിയിക്കുകയായിരുന്നു. മൂന്നു മാസം കൊണ്ടു പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വിവരം അറിഞ്ഞ പ്രദേശവാസികളും സഹായവുമായി രംഗത്തുണ്ട്.