ലോഗിന്‍ ചെയ്ത് ഫോണിലേക്ക് ചുമയ്ക്കണം, ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കോവിഡ് കണ്ടെത്താം; കൃത്രിമബുദ്ധി സംവിധാനവുമായി ശാസ്ത്രജ്ഞര്‍

മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെ തിരിച്ചറിയാന്‍ മാര്‍ഗ്ഗവുമായി ശാസ്ത്രജ്ഞര്‍. ലക്ഷണമില്ലത്ത കോവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോഴുള്ള വ്യത്യാസം തിരിച്ചറിയുന്നതിലൂടെയാണ് രോഗമുള്ളവരെ കണ്ടെത്താനാകുക. കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള മാതൃകയാണ് ഇതിനായി ഉപയോഗിക്കുന്നത്.
മനുഷ്യരുടെ കാതുകള്‍ക്ക് വിവേചിച്ചറിയാന്‍ കഴിയുന്നതല്ല ചുമയിലുള്ള ഈ മാറ്റം. രോഗികളുടെ ചുമ റെക്കോര്‍ഡ് ചെയ്തിന് ശേഷം ഇവയുടെ വ്യത്യാസം കണ്ടെത്തുന്നതുവഴിയാണ് വൈറസ് ബാധ ഉണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്‍ റിസള്‍ട്ട് ലഭിക്കുന്ന തരത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഈ മാതൃക ഒരുക്കിയിരിക്കുന്നത്.
ഈ കൃത്രിമബുദ്ധി സംവിധാനം ആപ്പായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആപ്പില്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഫോണിലേക്ക് ചുമച്ചാല്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് വികസിപ്പിക്കുന്നത്. മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.
കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോകുന്നതിന് മുമ്പ് ആപ്പ് ഉപയോഗിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്നത് വൈറസ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.