റോഡ് തകർന്നതിന് ’ജെട്ടി ചലഞ്ചു’മായി ഡോക്ടർ; മാപ്പ് പറഞ്ഞ് തടിയൂരി

തൃശൂർ: റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി സോഷ്യൽ മീഡിയയിലൂടെ ജെട്ടി ചലഞ്ചു നടത്തിയ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ഡോക്ടർ. ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് തകർന്നതിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെയും സ്ഥലം എംഎൽഎ കെ.വി. അബ്ദുൾ ഖാദറിന്റെയും അഴിമതി ഉണ്ടെന്നാരോപിച്ചായിരുന്നു ചലഞ്ച്. സംഭവത്തിൽ പ്രിൻസിപ്പൽ വിശദീകരണം തേടിയ ഡോക്ടർ ചലഞ്ച് പിൻവലിച്ച് മാപ്പപേക്ഷ നൽകി.
ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സി.വി. കൃഷ്ണകുമാറാണ് ജെട്ടി ചലഞ്ചിന് ആഹ്വാനം ചെയ്തത്. തിരക്കുള്ള റോഡിന്റെ അരികിൽ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെയാണ് ഡോക്ടറിൽ നിന്ന് വിശദീകരണം തേടിയത്.
സംഭവത്തിൽ ഡോക്ടറിൽനിന്ന് വിശദീകരണം തേടിയതായും തനിക്കുണ്ടായ ജാഗ്രതക്കുറവിന് ഡോക്ടർ നിരുപാധികം മാപ്പപേക്ഷിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അറിയിച്ചു. വിശദീകരണത്തിന് ഡോക്ടർ നൽകിയ മറുപടി മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ അറിയിച്ചു. ഡി.എം.ഇ.യുടെ നിർദേശപ്രകാരമേ ഡോക്ടറുടെ പേരിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.