കോഴിക്കോട് ന​ഗരത്തിൽ വീണ്ടും ​ഗുണ്ടാ ആക്രമണം, കടയുടമ ആശുപത്രിയിൽ; അക്രമി സംഘം എത്തിയത് കാറുകളിലും ബൈക്കിലും

 കോഴിക്കോട് ന​ഗരത്തിൽ വീണ്ടും ​ഗുണ്ടാ ആക്രമണം, കടയുടമ ആശുപത്രിയിൽ; അക്രമി സംഘം എത്തിയത് കാറുകളിലും ബൈക്കിലും

കോഴിക്കോട്:  കോഴിക്കോട് ന​ഗരത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഗുണ്ടാ ആക്രമണം. കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടയുടമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കിഴക്കേ നടക്കാവിലെ ഇവന്‍സ എംപോറിയത്തിന്റെ ഉടമ ഷാഹിദിനെയാണ് അക്രമിച്ചത്.
കഴിഞ്ഞ ദിവസം പെട്രോള്‍ പാമ്പിലെ ജീവനക്കാരനെ കണ്ണില്‍ മണലെറിഞ്ഞ് കവര്‍ച്ച നടത്തിയിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകളിലായും ബൈക്കിലുമെത്തിയ സംഘം പണം ചോദിച്ച് കടയിലേക്ക് കയറുകയായിരുന്നു. എന്തിനാണ് പണമെന്ന് ചോദിച്ചപ്പോള്‍  വാക്കേറ്റമുണ്ടായെന്നും തുടര്‍ന്ന് അക്രമിച്ചുവെന്നുമാണ് ഉടമ ഷാഹിദ് പറയുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാഹിദിന്റെ നെറ്റിയില്‍ നാല് തുന്നലുണ്ട്.

അക്രമി സംഘം രക്ഷപ്പെടാതിരിക്കാന്‍ കടയുടെ പ്രധാന ഷട്ടര്‍ ജീവനക്കാര്‍ അടച്ചെങ്കിലും ഭീഷണിപ്പെടുത്തി തുറന്ന് രക്ഷപ്പെടുകയാണുണ്ടായത്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ റോഡിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിക്ക് മുന്നിലുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരന് നേരെയും അക്രമണമുണ്ടായിരുന്നു.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ  കണ്ണില്‍ മണല്‍ എറിഞ്ഞ് 32000 രൂപ കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു.